അബുദാബി സിവില്‍ ഫാമിലി കുടുംബ കോടതിയിലെത്തുന്ന വിവാഹ അപേക്ഷകളില്‍ വന്‍ വര്‍ധനവ്. ഈ വര്‍ഷത്തെ ആദ്യ പകുതിയിൽ 6,500-ലധികം വിവാഹങ്ങള്‍ നടന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ആകെ 6,000 വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണ് ഇപ്പോൾ ഈ വർധനവുണ്ടായിരിക്കുന്നത്. 2023-ല്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം താമസക്കാരില്‍ നിന്നും വിനോദ സഞ്ചാരികളില്‍ നിന്നും പ്രതിദിനം 40 വിവാഹ അപേക്ഷകളാണ് ശരാശരി ലഭിച്ചുകൊണ്ടിരിക്കുന്നത്.
വിവാഹവുമായി ബന്ധപ്പെട്ട് അബുദാബി ജുഡീഷ്യല്‍ വകുപ്പ് അതിവേഗ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഇതുവഴി അപേക്ഷ സമര്‍പ്പിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വിവാഹിതരാകാൻ സാധിക്കും. ഇതിനായി 2,500 ദിര്‍ഹമാണ് അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടത്. ജാതി-മത വ്യത്യാസമില്ലാതെ അബുദാബിയില്‍ താമസക്കാരായ ഏത് രാജ്യക്കാര്‍ക്കും സിവില്‍ ഫാമിലി കോടതിയിലൂടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. എന്നാല്‍ എമിറാത്തികള്‍ക്ക് ഇപ്രകാരം വിവാഹം കഴിക്കാന്‍ അനുവാദമില്ല.
2021-ല്‍ വിവാഹ നിയമം കൊണ്ടുവന്നതിന് ശേഷം ദാമ്പത്യവുമായി ബന്ധപ്പെട്ട് 16,300-ലധികം അപേക്ഷകളാണ് ലഭിച്ചത്. വിവാഹം, കുടുംബ കലഹം, വിവാഹമോചനം, പിതൃതര്‍ക്കം, അനന്തരാവകാശ തര്‍ക്കം അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് കോടതി പരിഗണിച്ചത്.