സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ വളരെ വേഗത്തിൽ പൊക്കി കേരള പൊലീസ്. മുംബൈ സ്വദേശിയായ പ്രതിയെ ഉഡുപ്പിയിൽ നിന്നാണ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും സഞ്ചരിച്ച കാറും കണ്ടെത്തി. ഏകദേശം ഒരുകോടി രൂപ മൂല്യമുള്ള വസ്തുക്കളാണ് ഇയാൾ മോഷ്ടിച്ചത്. ജോഷിയുടെ കൊച്ചി പനംപള്ളി നഗറിലെ വീട്ടിൽ നിന്നാണ് സ്വർണ്ണ, വജ്ര ആഭരണങ്ങളും പണവും മോഷണം പോയത്.
ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഷാദാണ് പിടിയിലായത്. ഇയാൾ മുംബൈയിൽനിന്ന് ഒറ്റയ്ക്ക് കാർ ഓടിച്ച് കൊച്ചിയിലെത്തിയാണ് മോഷണം നടത്തിയതെന്നാണ് സൂചന. മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള കാറിലാണ് മോഷ്ടാവ് രക്ഷപ്പെട്ടതെന്നു മനസ്സിലാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉഡുപ്പിയിൽ പിടിയിലായത്. വാഹനത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ പൊലീസ് കർണാടക പൊലീസിനു കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.
ജോഷിയുടെ വീടിനെക്കുറിച്ച് ഉൾപ്പെടെ ഇയാൾക്ക് വിവരം ലഭിക്കാൻ തക്കവിധത്തിൽ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തെണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് ജോഷിയുടെ വീട്ടിൽനിന്ന് മോഷ്ടിച്ച സ്വർണ, വജ്രാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തി. ഈ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പനമ്പിള്ളിനഗറിലെ 10 ബി ക്രോസ് റോഡ് സ്ട്രീറ്റ് ബിയിലെ ‘അഭിലാഷത്തി’ൽ ഇന്നലെ രാത്രി ഒന്നരയ്ക്കും രണ്ടിനും ഇടയിലാണു മോഷണം നടന്നതെന്നാണു സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നത്. വീടിന്റെ പിൻഭാഗത്തു കൂടിയെത്തി അടുക്കളയുടെ ജനൽ തുറന്നാണു മോഷ്ടാവ് ഉള്ളിൽ കയറിയത്. വീടിന്റെ മുകൾ നിലയിലെ വടക്കു കിഴക്കേ വശത്തുള്ള കിടപ്പുമുറിയിലെ അലമാര കുത്തിപ്പൊളിച്ച് ഒരു സെറ്റ് വജ്ര നെക്‌ലസ്, 10 വജ്രമോതിരങ്ങൾ, 12 വജ്ര കമ്മൽ, രണ്ട് സ്വർണ വങ്കി(മോതിരം), 10 സ്വർണമാലകൾ, 10 സ്വർണ വള, 10 വാച്ചുകൾ എന്നിവയാണു കവർന്നത്.