സംവിധായകൻ സിദ്ദിഖിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ‘വളരെ പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേർപാടുകൾ. അതുണ്ടാക്കുന്ന നിസീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ. സ്വന്തം സിദ്ദിഖിന്, ആദരാഞ്ജലി’. മമ്മൂട്ടി തൻ്റെ ഫെയ്സ്ബുക്കിൽ കുറിച്ചു. സിനിമ, രാഷ്ട്രീയ രംഗത്തെ തന്റെ പ്രിയ സുഹൃത്തുക്കളെ ഓർമ്മിച്ചുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. സിനിമയിൽ മമ്മൂട്ടിയുടെ സഹപ്രവർത്തകരായിരുന്ന നെടുമുടി വേണു, കെപിഎസി ലളിത, ഇന്നസെൻ്റ്, മാമുക്കോയ തുടങ്ങിയവരുടെ വിയോഗം സമീപകാലത്തായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം 9.10നാണ് സംവിധായകന് സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്. 69 വയസ്സായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ അദ്ദേഹം എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
കരള്‍, ശ്വാസ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ദിഖ്. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. ലാല്‍, റഹ്മാൻ അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയില്‍ കഴിയുന്ന സിദ്ധിഖിനെ ഇന്ന് ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.