ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രി മത്സരങ്ങൾക്ക് വേദിയാകാനൊരുങ്ങി ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ട്. മത്സരങ്ങൾക്ക് മുൻപേയുള്ള നവീകരണ ജോലികൾ പൂർത്തിയാവുകയാണ്. കുഞ്ഞൻ കാറുകളുടെ മത്സരത്തിന് ലോകോത്തര നിലവാരമുള്ള ഹൈടെക് സൗകര്യങ്ങളോടെ നവീകരിക്കുന്ന സർക്യൂട്ടാണ് കാറോട്ട പ്രേമികൾക്കും താരങ്ങൾക്കുമായി രാജ്യം ഒരുക്കുന്നത്.
ഒക്ടോബർ ആറ് മുതൽ എട്ട് വരെയാണ് ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രി മത്സരങ്ങൾ നടക്കുക. അതേസമയം ഇത് രണ്ടാം തവണയാണ് എഫ് വൺ മത്സരങ്ങൾ ഖത്തറിൽ നടക്കുന്നത്. ഇതിന് മൂൻപ് 2021ലാണ് എഫ് വൺ മത്സരത്തിന് ഖത്തർ വേദിയായത്. ഫിഫ ലോകകപ്പിനെ തുടർന്ന് കഴിഞ്ഞ വർഷം ആതിഥെയത്വം ഒഴിവാക്കുകയായിരുന്നു. എഫ് വൺ അധികൃതരുമായുള്ള കരാർ പ്രകാരം ഇനിയുള്ള 10 വർഷത്തെ ഫോർമുല വൺ റേസുകളിലൊന്നിന് ഖത്തർ ആയിരിക്കും ആതിഥേയത്വം വഹിക്കുക.
2004ൽ പ്രവർത്തനം തുടങ്ങിയ ലുസെയ്ൽ സർക്യൂട്ട് മോട്ടോ ജിപി ഗ്രാൻഡ് പ്രി കുഞ്ഞൻ കാറുകളുടെ മത്സരത്തിനുള്ള ഖത്തറിന്റെ മുഖ്യ വേദി ആണ്. അതേസമയം നവീകരണം പൂർത്തിയാകുന്നതോടെ ലോകത്തിലെ മോട്ടോർ സ്പോർട് ഇവന്റുകളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ട് മാറുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ 2024ൽ നടക്കാനിരിക്കുന്ന ഫിയ വേൾഡ് എൻഡുറൻസ് ചാംപ്യൻഷിപ്പും ഇവിടെ വച്ചാണ് നടക്കുന്നത്. മൂന്ന് പാക്കേജുകളായാണ് നവീകരണം നടക്കുന്നത്. 40,000 കാണികളെ ഉൾക്കൊള്ളാനും 10,000 കാർ പാർക്കിങ് സൗകര്യവും ഉള്ളതാണ് നവീകരിക്കുന്ന സർക്യൂട്ട്.
അതേസമയം എല്ലാ പ്രധാന റോഡുകളെയും സർക്യൂട്ടുമായി ബന്ധിപ്പിച്ച് റോഡ് നിർമാണ, നവീകരണ, അറ്റകുറ്റ ജോലികളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഒക്ടോബറിന് മുൻപ് ആദ്യഘട്ട നവീകരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലുസെയ്ൽ സ്പോർട്സ് ക്ലബ് അധികൃതർ വ്യക്തമാക്കി. പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ ആണ് നിർമാണ-നവീകരണം നടത്തുന്നത്.
ടിക്കറ്റ് വിൽപന മൂന്ന് ഘട്ടങ്ങളിലായി
ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഏർലി ബേർഡ് ടിക്കറ്റ് വിൽപനയ്ക്ക് തുടക്കമായിട്ടുണ്ട്. ഇതിനു പുറമെ മൂന്ന് ദിവസത്തെ ടിക്കറ്റ് ഒന്നിച്ചെടുക്കാനും ഒറ്റ ദിവസത്തേക്ക് മാത്രമായി എടുക്കാനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തെ ഗ്രാൻഡ് സ്റ്റാൻഡ് ടിക്കറ്റുകൾക്ക് 1,000 റിയാൽ മുതലാണ് നിരക്ക് ഈടാക്കുന്നത്. കൂടാതെ ഒറ്റ ദിവസത്തേക്കും മൂന്ന് ദിവസത്തെ ജനറൽ അഡ്മിഷൻ ടിക്കറ്റുകൾക്കും 200 മുതൽ 600 റിയാലിനും ഇടയിലാണ് നിരക്ക്. ഇതിന് പുറമേ മത്സരം കാണാനെത്താൻ ഖത്തർ എയർവേയ്സ് മികച്ച യാത്രാ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.