അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ദുബായിൽ റോഡ് ഗതാഗതം വളരെ മികച്ച രീതിയിലേക്ക് കൊണ്ടുവരുകയാണ് ദുബായ് ആർടിഎ. നഗരത്തിൽ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കുന്നതിന് നാല് പുതിയ പാലങ്ങളുടെ നിർമ്മാണം 75 ശതമാനം വരെ പൂർത്തിയായെന്ന് അറിയിച്ചിരിക്കുകയാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ.
ഗാർൺ അൽ സബ്ഖ-ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്സ് ഇംപ്രൂവ്മെൻ്റ് പ്രോജക്ടിൻ്റെ ഇൻ്റർസെക്ഷനിൽ 2,874 മീറ്റർ നീളമുള്ള നാല് പാലങ്ങളുടെ നിർമ്മാണമാണ് ഉൾപ്പെടുന്നത്. ഈ പാലങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ മണിക്കൂറിൽ 17,600 വാഹനങ്ങൾ ഉൾക്കൊള്ളാൻ സാധിക്കും.
പാലങ്ങളുടെ അടിത്തറയുടെയും തൂണുകളുടെയും നിർമ്മാണം പൂർത്തിയാക്കി. നിലവിൽ പാലത്തിൻ്റെ ഭിത്തികൾ സ്ഥാപിക്കൽ, ഇരുമ്പ് സപ്പോർട്ടുകൾ സ്ഥാപിക്കൽ, റോഡുകൾ വികസിപ്പിക്കൽ, ലൈറ്റിംഗ് ജോലികൾ, മഴവെള്ളം ഒഴുകിപ്പോകുന്ന സംവിധാനം, നിർമ്മാണം പൂർത്തിയാക്കുന്നതിന് ആവശ്യമായ ഗതാഗതം വഴിതിരിച്ചുവിടൽ തുടങ്ങിയ ജോലികൾ ചെയ്തുവരികയാണ്. പ്രധാന പാലങ്ങളിലൊന്ന് ഈ വർഷം രണ്ടാം പാദത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആർടിഎ അറിയിച്ചു. ദുബായിലെ റോഡ് ശൃംഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.
ബ്രിഡ്ജ് 1: ഗാർൺ അൽ സബ്ഖാ സ്ട്രീറ്റിൻ്റെയും അൽ അസയേൽ സ്ട്രീറ്റിൻ്റെയും കവലയിൽ നിന്ന് 943 മീറ്റർ നീളത്തിലാണ് ആദ്യത്തെ പാലം. ഓരോ ദിശയിലും ഈ രണ്ടുവരി പാലം മണിക്കൂറിൽ 8,000 വാഹനങ്ങളെ ഇരുവശത്തേക്കും ഉൾക്കൊള്ളുന്നു, ഷെയ്ഖ് സായിദ് റോഡിനും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും ഇടയിലുള്ള ഗതാഗതം സുഗമമാക്കുന്നു.
ബ്രിഡ്ജ് 2: രണ്ടാമത്തെ പാലത്തിന് 601 മീറ്റർ നീളമാണ് ഉള്ളത്. ഗാർൺ അൽ സബ്ഖ സ്ട്രീറ്റിൽ നിന്ന് കിഴക്കോട്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കും വടക്ക് അൽ ഖുസൈസിനും ദെയ്റയിലേക്കും യാത്ര ചെയ്യാം. ഈ പാലത്തിന് മണിക്കൂറിൽ 3,200 വാഹനങ്ങൾ ഉൾക്കൊള്ളാൻ സാധിക്കും.
ബ്രിഡ്ജ് 3: മൂന്നാമത്തേത് 664 മീറ്റർ നീളമുള്ള രണ്ട്-വരിപ്പാലമാണ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് വടക്കോട്ട് പോകുന്ന അൽ യലായിസ് സ്ട്രീറ്റിലേക്ക് സുഗമമായി യാത്ര ചെയ്യാം. മണിക്കൂറിൽ ഏകദേശം 3,200 വാഹനങ്ങളെ ഉൾക്കൊള്ളാൻ ഈ പാലത്തിന് കഴിയും.
ബ്രിഡ്ജ് 4: 666 മീറ്റർ നീളവും രണ്ട് പാതകളുമുള്ള നാലാമത്തെ പാലം, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ദുബായ് പ്രൊഡക്ഷൻ സിറ്റിയുടെ പ്രവേശന കവാടങ്ങളിലേക്കുള്ള സർവീസ് റോഡിലേക്കുള്ള ഗതാഗതത്തിൻ്റെ ഓവർലാപ്പിംഗ് ഒഴിവാക്കി സുഗമമായ ഗതാഗതം ഉറപ്പാക്കാൻ സഹായിക്കുന്നു. ഈ പാലത്തിന് മണിക്കൂറിൽ 3,200 വാഹനങ്ങൾ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്.