വന്ദേ ഭാരത് എക്സ്പ്രസിലെ എസി ഗ്രില്ലിൽ ചോർച്ച കണ്ടെത്തി. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ഇന്ന് ഉച്ചയ്ക്ക് പുറപ്പടേണ്ട ട്രെയിനിൽ അറ്റകുറ്റപ്പണി നടക്കുകയാണ്. റെയിൽവെയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ പരിശോധന നടത്തി.
ആദ്യ സർവീസ് ആയതിനാൽ ഇത്തരം പ്രശ്നം സാധാരണ ഉണ്ടാകാറുണ്ടെന്നും കുറച്ചു ദിവസം കൂടി ഇത്തരം പരിശോധന തുടരും എന്നും റെയിൽവെ അധികൃതർ പറഞ്ഞു. ഐസിഎഫിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്. കാസർകോട് ട്രെയിൻ ഹാൾട് ചെയ്യാൻ ട്രാക് ഇല്ലാത്തതിനാൽ കണ്ണൂരിലായിരിക്കും വന്ദേ ഭാരത് നിർത്തിയിടുകയെന്നും അധികൃതർ വ്യക്തമാക്കി.
കാസർകോട് നിന്ന് ആരംഭിക്കുന്ന ആദ്യത്തെ ട്രെയിനാണ് വന്ദേഭാരത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് യാത്ര തിരിക്കും. എട്ട് മണിക്കൂർ അഞ്ച് മിനിറ്റിൽ തിരുവനന്തപുരത്ത് ഓടിയെത്തും. എട്ട് സ്റ്റേഷനുകളിലാണ് വന്ദേഭാരതിന് സ്റ്റോപ്പ്. രാത്രി 10.35 ന് തിരുവനന്തപുരത്തെത്തും. കാസർകോട് നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമാണ്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും മെയ് രണ്ട് വരെ വന്ദേഭാരത് ട്രെയിനിൽ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിലാണ്.