കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ 49ഓളം പേരാണ് മരണപ്പെട്ടത്. ഈ സാഹചര്യത്തിൽ കുവൈത്തിലേക്ക് സംസ്ഥാന സർക്കാർ പ്രതിനിധിയായി പുറപ്പെടാനൊരുങ്ങുകയാണ് ആരോഗ്യമന്ത്രി വീണാ ജോർജ്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനാണ് മന്ത്രി കുവൈറ്റിലേക്ക് പോകുന്നത്. ഇന്ന് ചേർന്ന അടിയന്തര മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ സംസ്ഥാന സർക്കാർ ധനസഹായമായി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നൽകും. നേരത്തെ പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ അടിയന്തര സഹായവും പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെ, മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് എംഎ യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം നൽകുമെന്ന് രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിരുന്നു. നോർക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക.
പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ ഏകോപിപ്പിക്കുന്നതിനാണ് ആരോഗ്യമന്ത്രി കുവൈറ്റിലേക്ക് പോകുന്നത്. അപകടത്തിൽ മൊത്തം 49 പേർ മരിച്ചതായാണ് വിവരം. മരിച്ചവരിൽ 25ഓളം മലയാളികളും ഉൾപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ മരിച്ച 13 മലയാളികളെയാണ് നിലവിൽ തിരിച്ചറിഞ്ഞത്.