വാരിയെല്ലുകൾ തകർന്ന് ആന്തരികാവയവങ്ങളിൽ തുളഞ്ഞുകയറിയതാണ് കൊല്ലം സുധിയുടെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലയിൽ ചെവിയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ട്. അപകടസമയത്ത് രണ്ട് എയർ ബാഗുകളും പുറത്തുവന്നെങ്കിലും നെഞ്ചിന്റെ ഭാഗം ഡാഷ് ബോർഡിലിടിച്ച് സുധിയുടെ വാരിയെല്ലുകൾ തകർന്നു.
ഡാഷ് ബോർഡിൽ രക്തം കെട്ടിക്കിടക്കുന്നുമുണ്ട്. രണ്ട് വാരിയെല്ല് ഒഴികെ എല്ലാം തകർന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സീറ്റ്ബെൽറ്റ് ധരിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു.