ലോകത്തിലെ ആദ്യത്തെ സമ്പൂർണ റോബോട്ടിക് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി റിയാദ്. റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്ററിലാണ് 16 വയസിൽ താഴെയുള്ള രോഗിക്ക് സമ്പൂർണ റോബോട്ടിക് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.
ആശുപത്രി മെഡിക്കൽ കമ്മിറ്റിയുടെയും രോഗിയുടെ ബന്ധുക്കളുടെയും അനുമതികൾ നേടിയ ശേഷം ഡോ. ഫിറാസ് ഖലീലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലായിരുന്നു ശസ്ത്രക്രിയ. റോബോട്ടിക് ശസ്ത്രക്രിയക്ക് മുന്നോടിയായി മൂന്ന് ദിവസത്തിനിടെ തുടർച്ചായി ഏഴ് തവണ വെർച്വൽ രീതിയിൽ ഓപ്പറേഷൻ പ്രക്രിയ നടത്തിയിരുന്നു.
ഇതൊരു പുതിയ തുടക്കമാണെന്നും റോബോട്ടിക് സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ശസ്ത്രക്രിയകൾ പല സങ്കീർണ്ണതകളും ഒഴിവാക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.