13-ാമത് കത്താറ രാജ്യാന്തര പരമ്പരാഗത പായ്ക്കപ്പൽ മേള 28-ന് ആരംഭിക്കും. ഖത്തറിന്റെ സമുദ്രയാന പൈതൃകം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. കത്താറ ബീച്ചിൽ ഡിസംബർ 2 വരെ നടക്കുന്ന പായ്ക്കപ്പൽ മേളയിൽ ചെറുതും വലുതുമായ പായ്ക്കപ്പലുകളുടെ പ്രദർശനവും നടത്തപ്പെടും.
വിവിധ പായ്ക്കപ്പലുകളുടെ പ്രദർശനത്തിന് പുറമെ സാംസ്കാരിക പരിപാടികൾ, കരകൗശല സാമഗ്രികളുടെ പ്രദർശനം, സമുദ്ര ഉല്പന്ന വിപണി, പായ്ക്കപ്പലുകളുടെ നിർമ്മാണ ശിൽപശാല, സൗഹൃദ മത്സരങ്ങൾ എന്നിവ നടത്തപ്പെടും. ഇതിന് പുറമെ പരമ്പരാഗത സമുദ്രകായിക ഇനങ്ങളുടെ വ്യത്യസ്ത മത്സരങ്ങളും സംഘടിപ്പിക്കപ്പെടും.
ഏതൊക്കെ രാജ്യങ്ങളാണ് മേളയിൽ പങ്കെടുക്കുകയെന്ന് അധികൃതർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വർഷത്തെ മേളയിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്ക് പുറമേ ഇന്ത്യയും പങ്കെടുത്തിരുന്നു.