പൊതുമേഖലാ ജീവനക്കാർക്കുള്ള ഇസ്ലാമിക് ന്യൂ ഇയർ അവധിയുടെ തീയതി പ്രഖ്യാപിച്ച് ഷാർജ സർക്കാർ. ഷാർജ സർക്കാരിന്റെ ഹ്യൂമൻ റിസോഴ്സ് വകുപ്പിന്റെ പ്രസ്താവന പ്രകാരം ജൂലൈ 20 ന് വ്യാഴാഴ്ച ഹിജ്റ പുതുവത്സര അവധി ആരംഭിക്കും.
അവധിയ്ക്ക് ശേഷം 24 ന് തിങ്കളാഴ്ച ഔദ്യോഗിക പ്രവൃത്തി സമയം പുനരാരംഭിക്കും. വ്യാഴാഴ്ച ഹിജ്റ പുതുവത്സര അവധി പ്രഖ്യാപിച്ചതോടെ ജീവനക്കാർക്ക് ദീർഘമായ വാരാന്ത്യം ലഭിക്കും.
നേരത്തെ, എഫ്എഎച്ച്ആർ എല്ലാ യുഎഇ മന്ത്രാലയങ്ങൾക്കും ഫെഡറൽ ഡിപ്പാർട്ട്മെന്റുകൾക്കും 1445 ഹിജ്റ അവധിയെക്കുറിച്ച് ഒരു സർക്കുലർ നൽകിയിരുന്നു, അത് ഇസ്ലാമിക് കലണ്ടർ അനുസരിച്ച് മുഹറത്തിന്റെ ആദ്യ ദിവസമായിരിക്കും. ജൂലൈ 21 വെള്ളിയാഴ്ച, ഹിജ്റ പുതുവർഷത്തോടനുബന്ധിച്ച് ഫെഡറൽ ഗവൺമെന്റിൽ ജോലി ചെയ്യുന്നവർക്ക് അവധിയായിരിക്കും. 2023-ൽ രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകൾക്കായി അംഗീകരിച്ച ഔദ്യോഗിക അവധിക്കാല അജണ്ട സംബന്ധിച്ച മന്ത്രിസഭയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.