ഇറാൻ പിടിച്ചെടുത്ത എം.എസ്.സി. ഏരീസ് കപ്പലിലുള്ള ഇന്ത്യൻ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വൈകാതെ അനുമതി നൽകും. നാല് മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാര്‍ ജീവനക്കാരായുള്ള എംഎസ്സി ഏരീസ് എന്ന കപ്പലാണു ഹെലികോപ്റ്ററിലെത്തിയ ഇറാന് സേനാംഗങ്ങള്‍ പിടിച്ചെടുത്ത് ഇറാന് സമുദ്രപരിധിയിലേക്കു കൊണ്ടുപോയത്. തൃശൂര്‍ സ്വദേശിയായ ആന്‍ ടെസ്സ ജോസഫ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പി.വി. ധനേഷ് എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍.
വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ഇറാൻ അധികൃതരുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ജീവനക്കാരെ കാണാൻ അവസരമൊരുക്കുമെന്ന് ഇറാൻ അറിയിച്ചത്. ഇറാന് വിദേശകാര്യമന്ത്രി എച്ച്. അമീർ-അബ്ദുള്ളാഹിയാനുമായി ചര്‍ച്ച ചെയ്തതായി കഴിഞ്ഞ ദിവസം ജയശങ്കര്‍ ട്വീറ്റ് ചെയ്തിരുന്നു.
ദുബായില്‍നിന്ന് മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരുകയായിരുന്ന എം.എസ്.സി. ഏരീസ് എന്ന കപ്പലാണ് ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ഇറാന്റെ ഔദ്യോഗികസേനാ വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐ.ആര്.ജി.സി.) ശനിയാഴ്ച പിടിച്ചെടുത്ത് തീരത്തേക്കടുപ്പിച്ചത്.