ടിക്കറ്റ് നിരക്ക് കുറച്ച് ബജറ്റ് എയർലൈനായ ഇൻഡിഗോ. ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാനുള്ള ഇൻഡിഗോയുടെ തീരുമാനത്തോടെയാണ് ഇന്ത്യയിലേയ്ക്കുള്ള ടിക്കറ്റ് നിരക്കിലും കാര്യമായ കുറവ് രേഖപ്പെടുത്തിയത്. ഡൽഹി, മുംബൈ എന്നീ നഗരങ്ങൾക്ക് പുറമെ കേരളത്തിലെ ചില ഭാഗങ്ങളിലേയ്ക്കുമുള്ള ടിക്കറ്റ് നിരക്കിലാണ് കുറവ് വന്നിരിക്കുന്നത്. ഇവിടങ്ങളിലേയ്ക്കുള്ള നിരക്ക് 400 ദിർഹത്തിൽ താഴെയായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വില അടുത്തിടെ കുറഞ്ഞിരുന്നു. ഇതോടെയാണ് ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാനുള്ള തീരുമാനം ഇൻഡിഗോ പ്രഖ്യാപിച്ചത്. എടിഎഫ് വിലയിൽ വ്യത്യാസമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിലയിലോ വിപണി സാഹചര്യങ്ങളിലോ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് നിരക്കുകൾ ക്രമീകരിക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കിയിരുന്നു.
ഇന്ധന നിരക്കിന് അനുസരിച്ച് നിരക്ക് കുറച്ചതിനാൽ ടിക്കറ്റ് നിരക്കിൽ 4 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാനുള്ള ഇൻഡിഗോയുടെ തീരുമാനം അധികം വൈകാതെ മറ്റ് വിമാനകമ്പനികളും പിൻതുടരുമെന്നാണ് സൂചന. ഇതോടെ വിമാനയാത്ര കൂടുതൽ സുഗമമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.