മന്ത്രിസഭാ രൂപീകരണ സാധ്യതകളാരാഞ്ഞ് ഇന്ത്യാസഖ്യവും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇന്ന് ഇന്ത്യാസഖ്യം യോഗം ചേരും. പരമാവധി കക്ഷികളെ ഒപ്പം കൂട്ടി അധികാരം പിടിച്ചെടുക്കാനുള്ള സാധ്യതകളാണ് ആരായുന്നത്.
ചന്ദ്രബാബു നായിഡുവിൻ്റ നേതൃത്വത്തിലുള്ള ടിഡിപി, നവീൻ പട്നായിക്കിൻ്റെ ബിജെഡി, ജഗൻമോഹൻ റഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി കോൺഗ്രസ് സംസാരിക്കും. നിതീഷ് കുമാറിൻ്റെ ജെഡിയുവിനെയും ഇന്ത്യാ മുന്നണിയിലേക്ക് അടുപ്പിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവരുമായി എൻ.സി.പി നേതാവ് ശരത് പവാറും ചർച്ചകൾ നടത്തി.
ഉദ്ദവ് താക്കറെ, കെജ്രിവാൾ, ശരത് പവാർ എന്നിവരുമായി താൻ സംസാരിച്ചുവെന്ന് തൃണമൂൽ നേതാവ് മമത ബാനർജി പറഞ്ഞു. ടിഡിപിയേയും ജെഡിയുവിനെയും ഊന്നുവടികളായി ഉപയോഗിച്ചാണ് ബിജെപിനീക്കമെന്നും മമത ആരോപിച്ചു. സഖ്യത്തിന് പുറത്തുനിന്ന് വിജയിച്ചെത്തിയ 18 പേരിൽ പരമാവധി ആളുകളേയും ഇന്ത്യ പക്ഷത്തെത്തിക്കാൻ നീക്കമുണ്ടാകും.
കോൺഗ്രസിന് മാത്രമായി 99 സീറ്റുകളാണ് ലഭിച്ചത്. ആന്ധ്രപ്രദേശ്, ഒഡിഷ, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതാണ് ഇന്ത്യമുന്നണിയെ ബാധിച്ചത്. തെലങ്കാനയില്‍ ബിജെപി സീറ്റ് വര്‍ധിപ്പിച്ചു. മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും ബിജെപിക്ക് അനുകൂലമായി. എന്നാൽ യു.പിയിൽ ഇന്ത്യ സംഖ്യത്തിന് നേട്ടമുണ്ടാക്കാനായി. കേരളം തമിഴ്നാട്, പഞ്ചാബ്, ഹരിയാന, ബംഗാൾ എന്നിവിടങ്ങളിൽനിന്നാണ് ഇന്ത്യസഖ്യം മുന്നേറ്റമുണ്ടാക്കിയത്.