തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് പ്രവാസി മലയാളികൾ. എന്നാൽ നാട്ടിൽ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ കാത്തിരുന്ന പ്രവാസികൾക്ക് തിരിച്ചടിയായിരിക്കുകയാണ് സ്കൂൾ തുറക്കൽ. മധ്യവേനൽ അവധിക്കായി അടച്ച സ്കൂളുകൾ യുഎഇയിൽ 28ന് തുറക്കും. ഇതോടെ 29ന് തിരുവോണം ആഘോഷിച്ച ശേഷം യുഎഇയിലേയ്ക്ക് തിരിച്ചെത്താൻ കാത്തിരുന്ന പ്രവാസികളാണ് ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്.
പതിവിലും നേരത്തെ സ്കൂൾ തുറക്കുന്നതിനാൽ തിരുവോണത്തിന് മുമ്പ് തിരികെ യുഎഇയിലെക്ക് വരേണ്ട സ്ഥിതിയിലാണ് പ്രവാസികൾ. സീസണായതിനാൽ വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്നിരിക്കുന്നതിനാൽ സ്കൂൾ തുറക്കുന്നതിന് മുമ്പ് തിരികെയെത്തണമെങ്കിൽ വലിയ സാമ്പത്തിക ബാധ്യത തന്നൊയാകും പ്രവാസികൾ ഏറ്റെടുക്കേണ്ടതായി വരിക. ചെറിയ ക്ലാസിലെ കുട്ടികളെ സ്കൂൾ തുറക്കൽ കാര്യമായി ബാധിക്കില്ല. ഓണം നാട്ടിൽ ആഘോഷിച്ച ശേഷം സെപ്റ്റംബർ ആദ്യവാരത്തോടെയാകും ഈ കുടുംബങ്ങൾ തിരികെയെത്തുക. എന്നാൽ മുതിർന്ന ക്ലാസിലെ കുട്ടികൾക്ക് സ്കൂളിൽ എത്താതിരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഓണത്തിന് ശേഷം തിരികെയാത്താനായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന പ്രവാസികൾക്ക് ഈ വർഷം യുഎഇയിൽ പതിവിലും നേരത്തെ സ്കൂൾ തുറക്കുന്നത് തിരിച്ചടിയായി മാറിയിരിക്കുകയാണ്.