സൗദിയിൽ ബസ് ഡ്രൈവർമാർക്ക് യൂണിഫോമും തിരിച്ചറിയൽ കാർഡും നിർബന്ധമാക്കി. ഏപ്രിൽ 27 മുതൽ ബസ് ഡ്രൈവർമാർ യൂണിഫോം ധരിക്കണമെന്നാണ് നിർബന്ധന. ബസ് ഗതാഗത മേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അധികൃതരുടെ പുതിയ തിരുമാനം.
പുരുഷ ഡ്രൈവർമാർക്ക് സൗദി ദേശീയ വസ്ത്രം (തോബ്) യൂണിഫോം ആയി ഉപയോഗിക്കാവുന്നതാണ്. തോബിനൊപ്പം ഷൂസോ പാദരക്ഷയോ ഉപയോഗിക്കണം. തോബ് ഉപയോഗിക്കുന്ന ഡ്രൈവർക്ക് ശിരോവസ്ത്രമോ തൊപ്പിയോ ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാവുന്നതാണ്. തൊപ്പി ഉപയോഗിക്കുകയാണെങ്കിൽ കറുത്ത നിറത്തിലുള്ള തൊപ്പിയാണ് ഉപയോഗിക്കേണ്ടത്. തോബ് ഉപയോഗിക്കാത്തവർ നീളൻ കൈയുള്ള ഇളം നീല നിറത്തിലുള്ള യൂണിഫോം ഷർട്ടും ഇറക്കം കൂടിയ കറുത്ത പാൻ്റ്സും കറുത്ത ബെൽറ്റും കറുത്ത ഷൂസുമാണ് യൂണിഫോമായി ധരിക്കേണ്ടത്.
വനിതാ ഡ്രൈവർമാർക്ക് ഓപ്ഷണലായി യൂണിഫോമായി പർദ്ദ ഉപയോഗിക്കാവുന്നതാണ്. പർദ്ദക്കൊപ്പം ഇവർ ഷൂസോ പാദരക്ഷയോ ഉപയോഗിക്കണം. ഇവർക്ക് ശിരോവസ്ത്രമോ തൊപ്പിയോ ധരിക്കാവുന്നതാണ്. തൊപ്പി ധരിക്കുകയാണെങ്കിൽ കറുത്ത നിറത്തിലുള്ള തൊപ്പിയാണ് ഉപയോഗിക്കേണ്ടത്. പർദ്ദ ഉപയോഗിക്കാത്തവർ നീളൻ കൈയുള്ള ഇളം നീല നിറത്തിലുള്ള യൂണിഫോം ഷർട്ടും ഇറക്കം കൂടിയ കറുത്ത പാന്റ്സും കറുത്ത ബെൽറ്റും കറുത്ത ഷൂസുമാണ് യൂണിഫോമായി ധരിക്കേണ്ടത്.
ഡ്രൈവർക്ക് യൂണിഫോമിന് പുറമെ ജാക്കറ്റോ കോട്ടോ ധരിക്കാവുന്നതാണ്. ഡ്രൈവറുടെ വസ്ത്രം കൃത്യനിർവഹണം ചെയ്യുന്നതിന് തടസമാകാൻ പാടില്ലെന്നും നിബന്ധനയിൽ വ്യക്തമാക്കുന്നുണ്ട്. യൂണിഫോമിനൊപ്പം ഡ്രൈവർമാർ തിരിച്ചറിയൽ കാർഡ് ധരിക്കണം. പേരും ഫോട്ടോയും ഡ്രൈവർ കാർഡ് നമ്പറും സ്ഥാപനത്തിന്റെ പേരും എംബ്ലവും തിരിച്ചറിയൽ കാർഡിൽ ഉൾപ്പെടുത്തിയിരിക്കണം. എജ്യുക്കേഷനൽ ട്രാൻസ്പോർട്ടേഷൻ മേഖലയിൽ പ്രവർത്തിക്കാൻ ലൈസൻസുള്ള വ്യക്തികൾ തിരിച്ചറിയൽ കാർഡിൽ ഡ്രൈവറുടെ പേരും ഡ്രൈവർ കാർഡ് നമ്പറും മാത്രം ഉപയോഗിച്ചാൽ മതി.
സ്പെഷ്യലൈസ്ഡ് ട്രാൻസ്പോർട്ടേഷൻ, എജ്യുക്കേഷനൽ ട്രാൻസ്പോർട്ടേഷൻ, വാടക ബസ്, ഇന്റർനാഷണൽ ട്രാൻസ്പോർട്ടേഷൻ തുടങ്ങി എല്ലാവിധ ബസ് സർവീസുകൾക്കും ഇത് ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി.