യുഎഇയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ വാഹനയാത്രക്കാർക്ക് ജാഗ്രതാ നിർദേശവുമായി അധികൃതർ. ഇതിന്റെ ഭാഗമായി മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി അസ്ഥിര കാലാവസ്ഥയുള്ള സമയങ്ങളിൽ അബുദാബി എമിറേറ്റിലെ റോഡുകളിലെ വേഗപരിധി മണിക്കൂറിൽ 80 കി.മി ആയി കുറച്ചു. മഴയുള്ള സമയങ്ങളിൽ ദൂരപരിധി കുറയുന്നതിനാൽ റോഡിലെ ഡിജിറ്റൽ ബോർഡിൽ തെളിയുന്ന വേഗത്തിൽ മാത്രമേ വാഹനമോടിക്കാൻ പാടുള്ളുവെന്നും എന്നും അധികൃതർ വ്യക്തമാക്കി.
മഴ, മൂടൽ മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കുന്നതിനായി പൊലീസ് എസ്എംഎസ് സന്ദേശം അയയ്ക്കും. ഈ സന്ദേശവും റോഡിലുള്ള ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിലും സമൂഹമാധ്യമങ്ങളിൽ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ലഭിക്കുന്ന മുന്നറിയിപ്പും വാഹനയാത്രക്കാർ പാലിക്കണമെന്ന് നിർദേശത്തിലുണ്ട്. കൂടാതെ റോഡിൽ മഴയുള്ള സമയത്ത് വാഹനം തെന്നിനീങ്ങാൻ സാധ്യതയുള്ളതിനാൽ വേഗത കുറച്ച് വാഹനം ഓടിക്കണമെന്ന് അബുദാബി പൊലീസ് നിർദേശിച്ചു.
മഴയുള്ള സാഹചര്യങ്ങളിൽ അപകടങ്ങൾ നടക്കാനുള്ള സാധ്യത കൂടുതലായതിനാൽ വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കുക, ഹസാഡ് ലൈറ്റ് ആവശ്യമുള്ള സമയത്ത് മാത്രം ഉപയോഗിക്കുക, ഓവർടേക്ക് ചെയ്യുമ്പോഴും ലെയ്ൻ മാറുമ്പോഴും സുരക്ഷിതമാണെന്ന് ഉറപ്പാക്കുക, പെട്ടെന്ന് ബ്രേക്ക് ചവിട്ടാതിരിക്കുക, വാഹനത്തിന്റെ ഗ്ലാസും കണ്ണാടിയും വൃത്തിയായി സൂക്ഷിക്കുക, ദൂരക്കാഴ്ച കുറഞ്ഞാൽ ഉടൻ വാഹനം സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിയ ശേഷം ഹസാഡ് ലൈറ്റ് ഇടുക തുടങ്ങിയ നിർദേശങ്ങളാണ് അധികൃതർ നൽകിയത്.