ഐസ് ക്രീം മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന നാചുറൽസ് ഐസ്ക്രീം സ്ഥാപകൻ രഘുനന്ദൻ ശ്രീനിവാസ് കമ്മത്ത് അന്തരിച്ചു. 70 വയസായിരുന്നു. ശനിയാഴ്ച വൈകുന്നേരം അന്ധേരി വെസ്റ്റിലെ അംബോളിയിൽ സംസ്കാര ചടങ്ങുകൾ നടത്തി. മംഗലാപുരം സ്വദേശിയായ ഇദ്ദേഹമാണ് 400 കോടി മൂല്യം വരുന്ന ഐസ് ക്രീം പാർലർ ചെയിനിൻ്റെ ഉടമ.
1984 ൽ ജുഹുവിലാണ് അദ്ദേഹം തൻ്റെ ഐസ് ക്രീം കട ആദ്യം തുറന്നത്. അന്ന് അവിടെ 12 രുചി വൈവിധ്യങ്ങളിലുള്ള ഐസ് ക്രീമായിരുന്നു വിറ്റിരുന്നത്. പിന്നീട് ഈ സംരംഭം വലിയ പ്രചാരം നേടി. വിവാഹിതനായ രഘുനന്ദൻ മുംബൈയിൽ ഭാര്യയ്ക്കും രണ്ട് ആൺമക്കൾക്കുമൊപ്പം താമസിച്ച് വരികയായിരുന്നു. അദ്ദേഹത്തിൻ്റെ മകൻ സിദ്ധാന്ത് നിലവിൽ നാചുറൽസ് ഐസ് ക്രീം കമ്പനിയുടെ ഡയറക്ടറാണ്.