ചെകുത്താൻ വാൽനക്ഷത്രം എന്ന് കേട്ടിട്ടുണ്ടോ? എങ്കിൽ ഈ അത്ഭുത വാൽനക്ഷത്രത്തെ കാണാൻ ഒരവസരം വന്നിരിക്കുകയാണ്. വെറും ഒരു മാസം കാത്തിരുന്നാൽ മതി ഈ ആകാശ വിസ്മയം നിങ്ങളുടെ കൺമുന്നിലെത്തും. ഏപ്രിൽ ആദ്യവാരം നടക്കുന്ന സമ്പൂർണ സൂര്യഗ്രഹണത്തോടൊപ്പമാണ് ലോകത്തിൻ്റെ പലഭാഗങ്ങളിൽ ചെകുത്താൻ വാൽനക്ഷത്രം പ്രത്യക്ഷപ്പെടുക.
ഡെവിൾസ് കോമറ്റ് അഥവാ ചെകുത്താൻ വാൽനക്ഷത്രം എന്നറിയപ്പെടുന്ന ഈ പ്രതിഭാസം കൃത്യമായി പറഞ്ഞാൽ ഏപ്രിൽ എട്ടിനാണ് ദൃശ്യമാകുക എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. സൂര്യനോട് ഏറ്റവും അടുത്തിനിൽക്കുന്ന അവസ്ഥയിലാകും വാൽനക്ഷത്രം അന്ന് കാണപ്പെടുക. 1812-ൽ ഴീൻ ലൂയി പോൺസ് എന്ന ജ്യോതിശാസ്ത്രജ്ഞനാണ് ഈ വാൽനക്ഷത്രത്തെ കണ്ടെത്തിയത്. 17 കിലോമീറ്ററാണ് ഇതിന്റെ വീതി. ഓരോ 71 വർഷമെടുത്താണ് സൂര്യനെ ഇവൻ ഭ്രമണം ചെയ്യുന്നത്.
12 പി പോൺസ് ബ്രൂകസ് എന്നാണ് ഈ വാൽനക്ഷത്രത്തിൻ്റെ യഥാർത്ഥ പേര്. എങ്ങനെയാണ് ഇവന് ചെകുത്താൻ വാൽനക്ഷത്രം എന്ന് പേര് ലഭിച്ചതെന്ന് അറിയേണ്ടേ? സൂര്യനിൽ നിന്നുള്ള വികിരണം കടുക്കുമ്പോൾ ചില സമയങ്ങളിൽ ഈ വാൽനക്ഷത്രത്തിൻ്റെ ഹിമം നിറഞ്ഞ പുറന്തോട് പൊട്ടുകയും ക്രയോമാഗ്മ എന്ന പദാർത്ഥം പുറത്തേയ്ക്ക് തെറിക്കുകയും ചെയ്യും. ഈ തെറിക്കുന്ന പദാർത്ഥ ഘടനയുടെ രൂപത്തിന് പ്രത്യേകതയുള്ളതിനാലും കൊമ്പുകൾ പോലെ ദൃശ്യമാകുന്നതിനാലുമാണ് ഇതിന് ഡെവിൾസ് കോമറ്റ് എന്ന് പേര് ലഭിച്ചത്.