പൗരന്മാർക്കായി നിർമ്മിക്കുന്ന അൽ ഖവാനീജ് 2- ഭവന പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്ത് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ഡെവലപ്‌മെൻ്റ് ആൻ്റ് സിറ്റിസൺസ് അഫയേഴ്‌സ് ഹയർ കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. “പൗരന്മാർക്കുള്ള ഭവന പദ്ധതി എൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്, എമിറാത്തി കുടുംബങ്ങൾക്ക് ആശ്വാസവും സന്തോഷവും നൽകുന്നതിനായി രൂപകൽപ്പന ചെയ്ത റെസിഡൻഷ്യൽ കമ്മ്യൂണിറ്റികൾ സ്ഥാപിക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,” എന്ന് അദ്ദേഹം സന്ദർശന വേളയിൽ പറഞ്ഞു.
വിശാലമായ ഹരിത ഇടങ്ങളും തുറസ്സായ സ്ഥലങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങളെ ആശ്രയിക്കാതെ താമസക്കാർക്ക് സുരക്ഷിതമായും സൗകര്യപ്രദമായും സഞ്ചരിക്കാൻ കഴിയും. പ്രദേശത്തിൻ്റെ രൂപകൽപ്പനയിൽ ആകർഷകമായ പ്രവേശന കവാടങ്ങൾ, മനോഹരമായ പാതകൾ, വിവിധ പൊതു സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ഈ വർഷം ഡിസംബറോടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. നിലവിൽ 47% പദ്ധതി പൂർത്തിയായി. 128 സിംഗിൾ വില്ലകൾ, 410 ഡ്യൂപ്ലെക്സ് വില്ലകൾ, 512 ടൗൺഹൗസ് വില്ലകൾ എന്നിവയുൾപ്പെടെ 1,050 വൈവിധ്യമാർന്ന റെസിഡൻഷ്യൽ യൂണിറ്റുകൾ ഈ പ്രോജക്ടിൽ ഉൾപ്പെടുന്നു. വാണിജ്യ, സേവന കേന്ദ്രം, കാൽനടയാത്രക്കാർക്കും സൈക്ലിംഗ് യാത്രക്കാർക്കും വേണ്ടിയുള്ള പ്രത്യേക പാതകൾ, കളിസ്ഥലങ്ങൾ, പാർക്ക്, നഴ്സറി എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.