50 കോടി ദിർഹത്തിന്റെ ഇന്റർനാഷനൽ ഗ്രോത്ത് ഫണ്ട് പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കി ആഗോള തലത്തിൽ വിപുലീകരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇന്റർനാഷനൽ ഗ്രോത്ത് ഫണ്ട്.
എമിറേറ്റിലെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തി ആഗോള തലത്തിലേക്കു ഉയരാൻ സംരംഭകർക്ക് അവസരമൊരുക്കുകയാണ് ദുബായ്. ദുബായ് സാമ്പത്തിക വികസന അജണ്ട ഡി33ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി.
ദുബായിൽ ആരംഭിച്ച എല്ലാ ചെറുകിട, ഇടത്തരം കമ്പനി ഉടമകൾക്കും അവരുടെ രാജ്യം പരിഗണിക്കാതെ തന്നെ രാജ്യാന്തര തലത്തിൽ ബിസിനസ് വ്യാപിപ്പിക്കാൻ സഹായിക്കുന്നതിനാണ് എമിറേറ്റ്സ് എൻബിഡിയുമായി സഹകരിച്ച് പുതിയ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. സാമ്പത്തിക സഹായത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഫെബ്രുവരിയിൽ പ്രഖ്യാപിക്കും.