പണമിടപാടുകൾ സുഗമമാക്കുന്നതിനായി ഗൂഗിൾ പേ സംവിധാനം ആരംഭിക്കാനൊരുങ്ങി അജ്മാൻ ബാങ്ക്. ഉപഭോക്താക്കൾക്ക് തടസങ്ങളില്ലാത്ത ഡിജിറ്റൽ പേമെന്റ് അനുഭവം ആസ്വദിക്കാനാണ് പുതിയ സൗകര്യമൊരുക്കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ആൻഡ്രോയ്ഡ്, വെയർ ഒ.എസ് എന്നിവയിൽ പ്രവർത്തിക്കുന്ന ആപ് വഴി ഗൂഗിൾ പേ ഡിജിറ്റൽ പേയ്മെന്റ് സേവനം ലഭ്യമാകും.
കാർഡ് ഉടമകൾ അവരുടെ ക്രെഡിറ്റ്, ഡെബിറ്റ് അല്ലെങ്കിൽ പ്രീപെയ്ഡ് കാർഡ് വിവരങ്ങൾ ഗൂഗിൾ വാലറ്റ് ആപ്പിൽ നൽകിയാണ് സേവനം ലഭ്യമാക്കേണ്ടത്. ഗൂഗിൾ പേ ഇടപാടുകൾക്കായി ഉപഭോക്താക്കൾ അവരുടെ ഡിജിറ്റൽ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യണം. തുടർന്ന് പ്ലേ സ്റ്റോറിൽനിന്ന് ഗൂഗിൾ വാലറ്റ് ആപ് ഡൗൺലോഡ് ചെയ്യുകയും കാർഡ് വിശദാംശങ്ങൾ നേരിട്ടോ സ്കാൻ ചെയ്തോ നൽകുകയും വേണം. കൂടാതെ അവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് ഒറ്റത്തവണ പിൻ നമ്പർ നൽകേണ്ടതുമുണ്ട്.