തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന വിജയ് ചിത്രം ഗോട്ടിന്റെ അൺകട്ട് വേർഷൻ ഒടിടിയിലേയ്ക്ക് വരുന്നു. നെറ്റ്ഫ്ലിക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്ററിൽ മൂന്ന് മണിക്കൂറാണ് സിനിമയുടെ ദൈർഘ്യം. എന്നാൽ ഗോട്ടിന്റെ അൺകട്ട് വേർഷൻ എത്തുമ്പോൾ 3 മണിക്കൂറും 40 മിനിറ്റുമായിരിക്കും പ്രേക്ഷകർക്ക് സിനിമ ആസ്വദിക്കാൻ കഴിയുക.
തിയേറ്ററിൽ പ്രദർശിപ്പിക്കാനുള്ള സൗകര്യത്തിന് ഒട്ടേറെ ഭാഗങ്ങൾ നീക്കം ചെയ്‌താണ് പല സിനിമകളും റിലീസ് ചെയ്യുന്നത്. അത്തരത്തിൽ നീളം കുറച്ചാണ് ഗോട്ടും തിയേറ്ററിലേയ്ക്ക് എത്തിച്ചത്. എന്നാൽ ഒടിടിയിൽ അൺകട്ട് പതിപ്പായിരിക്കും എത്തുക എന്നത് വളരെ വ്യത്യസ്തമാണ്. ആദ്യ ദിനത്തിൽ തന്നെ 100 കോടി കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കിയാണ് ഗോട്ട് മുന്നേറുന്നത്.
അതേസമയം, സിനിമയുടെ രണ്ടാം ഭാഗത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ടാം ഭാഗത്തിനുള്ള സാധ്യതകൾ തുറന്നിട്ടാണ് ആദ്യഭാഗം അവസാനിപ്പിച്ചത്. എന്നാൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന വിജയ് സിനിമാ അഭിനയം നിർത്തുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം ആദ്യം റിലീസായ ചിത്രമാണ് ഗോട്ട്. ഇനി രണ്ട് സിനിമകൾ കൂടി പൂർത്തിയാക്കിയാൽ വിജയ് പൂർണമായും രാഷ്ട്രീയ പ്രവർത്തനത്തിലേയ്ക്ക് വഴിമാറുമെന്നാണ് റിപ്പോർട്ട്.