അതിജീവനം! പ്രകൃതി ദുരന്തങ്ങൾ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ നിന്ന് എത്രയും വേഗം അതിജീവിക്കുക. അതിജീവനത്തിനായി ജനം ഒറ്റക്കെട്ടായി നിൽക്കുക. ഏതൊരു ദുരന്തമുഖത്തും കാണുന്ന കാഴ്ചയാണ്. അതാണ് മനുഷ്യ മനസ്സാക്ഷി! യുഎഇയിൽ ഉണ്ടായ വെള്ളപൊക്കത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ റെയിൻസ്പോർട് വാട്ട്സ്ആപ്പ് എന്ന ഗ്രൂപ്പ് സഹായത്തിനായി രംഗത്തെത്തി. നിമിഷ നേരം കൊണ്ട് ഈ ഗ്രൂപ്പിൽ സഹായ അഭ്യർത്ഥനകൾ നിറഞ്ഞു.
ഷാർജയിലെ അൽ മജാസിന് അടുത്തുള്ള ഒരു ബഹുനില കെട്ടിടത്തിൽ ഒറ്റപ്പെട്ടുപോയ 71 കാരനായ പിതാവിന് അടിയന്തര സഹായം അഭ്യർത്ഥിച്ചു ഒരു യുവതി. വൈദ്യുതി ഇല്ലാതെ വന്നതോടെ എലിവേറ്റർ തകരാറിലായതിനാൽ ഹൃദയസംബന്ധമായ അസുഖമുള്ള വയോധികന് പടികൾ ഇറങ്ങാൻ കഴിയുമായിരുന്നില്ല. ഈ പ്രദേശത്ത് ഫുഡ് ഡെലിവറിയും ലഭിച്ചില്ല. അദ്ദേഹത്തിൻ്റെ മകൾ ഈ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സന്ദേശമയച്ചു. മിനിറ്റുകൾക്കുള്ളിൽ സന്നദ്ധപ്രവർത്തകർ എത്തി,
വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ആ വയോധികനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ഒരൊറ്റ ഗ്രൂപ്പിൽ നിന്ന് 6,000 സന്നദ്ധപ്രവർത്തകരാണ് നൂറുകണക്കിന് പരാതികൾക്ക് പരിഹാരം കണ്ടത്. മുകളിൽ പറഞ്ഞത് ഒരു ഉദാഹരണം മാത്രം. അങ്ങനെ എത്ര എത്ര സേവനങ്ങൾ. അടിയന്തിരമായി മരുന്ന് ആവശ്യമുള്ള ഒരു കാൻസർ രോഗി മുതൽ ഇൻഹേലർ ആവശ്യമുള്ള ആസ്ത്മാ രോഗി വരെ, ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി അവശ്യമുന്നയിച്ച കുടുംബങ്ങൾ, അങ്ങനെ ഒരുപാട് പരാതികൾക്ക് പരിഹാരം കാണുകയായിരുന്നു ഒരുപറ്റം സന്നദ്ധ സേവകരുടെ ഒരു വാടാസാപ്പ് ഗ്രൂപ്പ്.