അഞ്ച് തീവ്രവാദികളുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. നാല് സൗദികളും ഒരു ഈജിപ്തുകാരനുമടക്കം അഞ്ച് പേരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ആരാധനാലയത്തിന് നേരെ ആക്രമണം നടത്തിയതിനാണ് ഇവരെ ശിക്ഷിച്ചതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അൽ-അഹ്‌സ ഗവർണറേറ്റിലെ ആരാധനാലയം ലക്ഷ്യമിട്ട് നടത്തിയ അക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന് പിന്നാലെയാണ് അഞ്ച് പ്രതികളെയും വിചാരണ ചെയ്തത്.
ഈജിപ്ഷ്യൻ സ്വദേശിയായ – തൽഹ ഹിഷാം മുഹമ്മദ് അബ്ദോ, സൗദികളായ – അഹമ്മദ് ബിൻ മുഹമ്മദ് അസിരി, നെസർ ബിൻ അബ്ദുല്ല അൽ മൂസ, ഹമദ് ബിൻ അബ്ദുല്ല അൽ മൂസ, അബ്ദുല്ല ബിൻ അബ്ദുൽ റഹ്മാൻ അൽ തുവൈജ്രി എന്നിവരെയാണ് ശിക്ഷിച്ചത്.
ഒരു ഭീകര സംഘടനയിൽപ്പെട്ട തൽഹ, സുരക്ഷാ ഉദ്യോഗസ്ഥർക്കും ആരാധനാലയത്തിനും നേരെ വെടിയുതിർക്കുകയും സ്വയം പൊട്ടിത്തെറിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. മൂന്ന് സൗദികൾ – അഹമ്മദ്, നെസാർ, ഹമദ് – എന്നിവരും തീവ്രവാദ സംഘടനയിൽ ചേർന്നതായി കണ്ടെത്തി. അഞ്ചാമത്തെ കുറ്റവാളിയായ അബ്ദുല്ല തീവ്രവാദ സംഘടനയിൽ ചേരുകയും ഭീകരപ്രവർത്തനം മറച്ചുവെക്കുകയും ചെയ്തുവെന്നതാണ് കുറ്റം. തീവ്രവാദ സംഘടനയുമായുള്ള ബന്ധം, കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും തൽഹയുടെ പങ്കാളിത്തം എന്നിവയിൽ അബ്ദുള്ള കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.