കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ 35-ലധികം പേർ മരിച്ചു. 43ഓളം പേർക്ക് ഗുരുതര പരിക്കേറ്റു. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്.
പുലർച്ചെ നാല് മണിയോടെയാണ് കെട്ടിടത്തിൽ തീ പടർന്നത്. മംഗഫ് ബ്ലോക്ക് നാലിലെ എൻ.ബി.ടി.സി കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീ പടർന്നതോടെ രക്ഷപ്പെടുന്നതിനായി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയവർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
അപകടത്തിൽപ്പെട്ടവരുടെ ചികിത്സയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങൾ രാജ്യത്തെ ആശുപത്രികളിൽ ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അഗ്നിശമനസേനയും പോലീസും ചേർന്ന് പരിക്കേറ്റവരെ അദാൻ ആശുപത്രി, ഫർവാനിയ ആശുപത്രി, അമീരി ആശുപത്രി, മുബാറക്ക് ആശുപത്രി, ജാബിർ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
أكثر من 30 حالة وفاة وعشرات الإصابات في حريق بمنطقة #المنقف #الكويت #وزارة_الإعلام_الكويت @kff_kw pic.twitter.com/wtrpc8bdgA
— MOI – وزارة الإعلام (@MOInformation) June 12, 2024