സൗദി ത്വാഇഫ് വിമാനത്താവളത്തിലെ ‘എക്സിക്യൂട്ടിവ്’ ലോഞ്ച് ഗവർണർ അമീർ സഊദ് ബിൻ നഹാർ ബിൻ സഊദ് ഉദ്ഘാടനം ചെയ്തു. സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി പ്രസിഡൻറ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽദുവൈലെജ്, ഗവർണറേറ്റിലെ നിരവധി സിവിലിയൻസ്, സൈനിക നേതാക്കൾ എന്നിവർ ഉദ്ഘാടന വേളയിൽ സന്നിഹിതരായിരുന്നു. പുതിയ ഹാളിലെ സൗകര്യങ്ങൾ ഗവർണർ അവലോകനം ചെയ്തു. അന്താരാഷ്ട്ര സവിശേഷതകളും മാനദണ്ഡങ്ങളും അനുസരിച്ചുള്ള ആധുനിക രൂപകൽപനകൊണ്ട് വേറിട്ടതാണ് പുതിയ എക്സിക്യൂട്ടിവ് ലോഞ്ചെന്ന് ഗവർണർ പറഞ്ഞു.
പുതിയ ലോഞ്ച് രാജ്യത്തെ സമഗ്രവികസന നവോത്ഥാനത്തെയാണ് അനുകരിക്കുന്നത്. വിമാനത്താവളം, നിർമാണ ജോലികൾ, അകത്തെ ഹാളുകൾ, യാത്രക്കാർക്ക് സേവനം നൽകുന്നതിൽ ബന്ധപ്പെട്ട അധികാരികൾ നടത്തുന്ന ശ്രമങ്ങൾ എന്നിവയും ഗവർണർ പരിശോധിച്ചു. അതേസമയം വിമാനത്താവളങ്ങളിലെ എക്സിക്യൂട്ടിവ് ലോഞ്ചുകൾ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ത്വാഇഫ് വിമാനത്താവളത്തിലെ പുതിയ ലോഞ്ചിന്റെ ഉദ്ഘാടനമെന്ന് ‘തൻഫീദി’ കമ്പനി സി.ഇ.ഒ ജൽബൻ ജൽബാൻ പറഞ്ഞു.
90 ദിവസമെടുത്താണ് പദ്ധതി പൂർത്തിയാക്കിയത്. ഒരു വർഷത്തിനുള്ളിൽ എട്ട് ലക്ഷം യാത്രക്കാരെ വരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടെന്നും സി.ഇ.ഒ പറഞ്ഞു. വി.ഐ.പി അതിഥികളുടെ ആവശ്യകതകൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി ഏറ്റവും പുതിയ സംവിധാനങ്ങളും ഉപകരണങ്ങളും ഒരുക്കി ആധുനിക എൻജിനീയറിങ് ഡിസൈനുകൾ ഉപയോഗിച്ചാണ് ഇത് നടപ്പാക്കിയത്. മാത്രമല്ല വരാനിരിക്കുന്ന നിരവധി വികസന പദ്ധതികളുടെ ഭാഗമാണ് പുതിയ ഹാൾ എന്നും സി.ഇ.ഒ സൂചിപ്പിച്ചു.