പ്രവാസികളുടെ ഏറ്റവും വലിയ സന്തോഷമാണ് അവധി കിട്ടുമ്പോഴെല്ലാം സ്വന്തം നാട്ടിലെത്തുക എന്നത്. അന്യനാട്ടിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ വരവ് വീട്ടുകാർക്കും ബന്ധുക്കൾക്കും നാട്ടുകാർക്കുമെല്ലാം മറ്റൊരു ആഘോഷം കൂടിയാണ്. പക്ഷെ, പലപ്പോഴും വിമാന സർവീസുകളുടെ കുറവും ടിക്കറ്റ് നിരക്കിന്റെ വർധനവും കാരണം പലർക്കും സ്വന്തം നാട് സന്ദർശിക്കുക എന്നത് സ്വപ്നം മാത്രമായി മാറാറുമുണ്ട്.
ഇതാ, പ്രവാസികൾക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് യുഎഇ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവേസ്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് മാത്രമല്ല, ഗൾഫ് നഗരങ്ങളിലേക്കും സർവീസ് വർധിപ്പിക്കുകയാണ് ഇത്തിഹാദ്. ബംഗളൂരു, കൊൽക്കത്ത എന്നീ വിമാനത്താവളങ്ങളിലേക്ക് ഈ വർഷം ജൂൺ മുതലായിരിക്കും വിമാനകമ്പനി അധിക സർവീസ് ആരംഭിക്കുക.
ജൂൺ 15 മുതൽ ബംഗളൂരുവിലേക്ക് ആഴ്ചയിൽ മൂന്ന് അധിക സർവീസുകളാണ് ഇത്തിഹാദ് എയർവേസ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ സർവീസുകൾ കൂടി എത്തുന്നത്തോടെ അബൂദാബിയിൽ നിന്ന് ബംഗളൂരവിലേക്കുള്ള ഇത്തിഹാദ് വിമാനങ്ങളുടെ എണ്ണം ആഴ്ചയിൽ 17 ആയി വർധിക്കും. മാത്രമല്ല, കൊൽക്കത്തയിലേക്ക് ഒരു അധിക സർവീസും ഏർപ്പെടുത്തുന്നുണ്ട്. കൊൽക്കത്ത സർവീസിന്റെ എണ്ണം ഇതോടെ ആഴ്ചയിൽ എട്ടായി ഉയരും.
അതേസമയം നേരത്തേ കേരളത്തിൽ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ജനുവരി ഒന്ന് മുതൽ ആഴ്ചയിൽ ഏഴ് സർവീസുകൾ ആരംഭിച്ചിരുന്നു. സൗദിയിലെ ജിദ്ദയിലേക്കും റിയാദിലേക്കും ആഴ്ചയിൽ ഏഴ് പുതിയ സർവീസുകളും ഇത്തിഹാദ് പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 15 മുതലാണ് സൗദിയിലേക്കുള്ള പുതിയ സർവീസുകൾ ആരംഭിക്കുക എന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.