വർത്തമാന കാലത്ത് നിരവധി ഇലക്ട്രോണിക് തട്ടിപ്പുകൾ നടക്കാറുണ്ട്. ഈ സാഹചര്യത്തിൽ ഇലക്ട്രോണിക് തട്ടിപ്പുകൾ നിരീക്ഷിക്കുന്നതിനും പരാതികള്‍ നല്കുന്നതിനുമായി ‘അമാൻ’ സേവനം ആരംഭിച്ചിരിക്കുകയാണ് കുവൈറ്റ്. ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹൽ ആപ്പ് വഴിയാണ് പുതിയ സേവനം നൽകുന്നത്. ഇതോടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് അധികൃതരെ അറിയിക്കാൻ സാധിക്കും.
രാജ്യത്തെ എല്ലാത്തരം ഇലക്ട്രോണിക് തട്ടിപ്പുകളും നിരീക്ഷിക്കാനും ഫിഷിങ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യമാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സഹൽ ഔദ്യോഗിക വക്താവ് യൂസഫ് കതെം അറിയിച്ചു. സാമ്പത്തിക തട്ടിപ്പുകളും കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും നേരിടാൻ നേരത്തേ തന്നെ വെർച്വൽ റൂം സജ്ജമാക്കിയിരുന്നു. പബ്ലിക് പ്രോസിക്യൂഷനും കുവൈറ്റ് ബാങ്കിങ് അസോസിയേഷനും (കെ.ബി.എ) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബാങ്കുകളിൽ നിന്ന് സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും അവയോട് ഉടനടി പ്രതികരിക്കുന്നതിനും ഇതുവഴി കഴിയും.
പരാതികൾ ലഭിച്ചാലുടൻ ഡയറക്ടറേറ്റ് നടപടിയെടുക്കുകയും മോഷ്ടാക്കളുടെ അക്കൗണ്ടിൽ നിന്ന് പണം മരവിപ്പിക്കുകയും ചെയ്യുന്നതാണ് സംവിധാനം. 2023 ഡിസംബർ ഏഴു മുതൽ ജനുവരി ഒമ്പതു വരെ 285 പരാതികൾ ഇതുവഴി കൈകാര്യം ചെയ്തുകഴിഞ്ഞു. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്ത ആളുകൾ ഉടൻ ബാങ്കുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് സൈബർ തട്ടിപ്പ് അടുത്തിടെ വ്യാപകമായി നടക്കുന്നുണ്ട്. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള തട്ടിപ്പുകളാണ് ഇതിൽ കൂടുതൽ. ഇത്തരം തട്ടിപ്പിനിരയാകുന്നവർക്ക് ഉടനടി ‘അമാൻ’ വഴി പരാതിപ്പെടാം.