ഇലക്ട്രിക് വിമാനങ്ങളുടെ സർവീസ് ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയുമായി സൗദി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. 2026-ൽ റിയാദിലും ജിദ്ദയിലുമാണ് ഇലക്ട്രിക് വിമാനങ്ങൾ സർവീസ് നടത്തുകയെന്നാണ് റിപ്പോർട്ട്.
വൈദ്യുതി വിമാനങ്ങളുടെ സർവീസുമായി ബന്ധപ്പെട്ട് മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്ളൈനാസും അമേരിക്കൻ കമ്പനിയായ ഈവ് എയർ മൊബിലിറ്റിയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആന്റ് ലാന്റിംഗ് അഥവാ ഇവിറ്റോൾ വിഭാഗത്തിൽപ്പെട്ട വിമാനങ്ങളുടെ സർവ്വീസ് ആരംഭിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്.
വൈദ്യുതി വിമാനങ്ങളുടെ സർവീസ് ആരംഭിക്കുന്നതിലൂടെ വ്യോമഗതാഗത മേഖലയിൽ വലിയ കുതിപ്പിനാണ് രാജ്യം തയ്യാറെടുക്കുന്നത്. പരിസ്ഥിതി, സമൂഹം, സമ്പദ് വ്യവസ്ഥ എന്നിവയിൽ സുസ്ഥിരമായ സ്വാധീനം ചെലുത്തുന്ന സംരംഭങ്ങൾ നടിപ്പിലാക്കാനാണ് ഫ്ളൈ നാസ് ശ്രമിക്കുന്നതെന്ന് കമ്പനിയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ബന്ദർ അൽ മുഹന്ന വ്യക്തമാക്കി.