യുഎഇയിൽ ദിനംപ്രതി ചൂട് കൂടുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് ആശ്വാസമാകുകയാണ് ദുബായ് കസ്റ്റംസ്. കൊടുംചൂടിൽ പുറം തൊഴിലാളികൾക്ക് ശുദ്ധജലവും പഴങ്ങളും എത്തിച്ചുനൽകുകയാണ് കസ്റ്റംസ് അധികൃതർ. കൂളിങ് ഹാർട്ട്സ് എന്ന കാമ്പയിനിലൂടെ തൊഴിൽ കാര്യ സ്ഥിരം സമിതിയുടെയും തഖ്ദീർ സഹകരണത്തോടെയുമാണ് കസ്റ്റംസ് അധികൃതർ തൊഴിലാളികൾക്ക് കുടിവെള്ളവും പഴങ്ങളും എത്തിക്കുന്നത്.
3 മാസത്തെ കാമ്പയിനിൽ ഇതുവരെ 10,000 തൊഴിലാളികൾക്കാണ് ആശ്വാസം എത്തിച്ചത്. തണുത്ത വെള്ളം, ജ്യൂസ്, പഴങ്ങൾ തുടങ്ങിയവ ഉൾപ്പെട്ട കിറ്റാണ് വിതരണം ചെയ്യുന്നത്. മെയ്ദാൻ, നാദ് അൽ ഷിബ എന്നീ മേഖലകളിലെ നിർമ്മാണ തൊഴിലാളികൾക്കാണ് കിറ്റ് എത്തിച്ചുനൽകിയത്. വരും വർഷങ്ങളിലും പദ്ധതി തുടരുമെന്ന് അധികൃതർ അറിയിച്ചു.