ദുബായിലെ പ്രശസ്തമായ ബോളിവുഡ് പാർക്ക് അടച്ചുപൂട്ടുന്നതായി അധികൃതർ. ദുബൈ പാർക്സ് ആൻഡ് റിസോർട്സ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. പൂർണമായും പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് അധികൃതർ ഇൻസ്റ്റഗ്രാം വഴി വെളിപ്പെടുത്തി.കഴിഞ്ഞ മാസം റമദാനിന് മുന്നോടിയായി പാർക്ക് താൽക്കാലികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചിരുന്നു.
ലോകപ്രശസ്ത ബോളിവുഡ് സിനിമകൾ പ്രമേയമാക്കിയ ലോകത്തിലെ ആദ്യ തീം പാർക്കായിരുന്നു ദുബായിലെ ബോളിവുഡ് പാർക്ക്. 2016ൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ പങ്കെടുത്ത പരിപാടിയോടെയാണ് പാർക്ക് തുറന്നത്. വിദേശികളും ഇന്ത്യക്കാരടക്കം നിരവധി വിനോദസഞ്ചാരികളുടെയും താമസക്കാരുടെയും പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നായിരുന്നു ബോളിവുഡ് പാർക്ക് .
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വിങ് റൈഡ് സ്ഥാപിച്ച് 2021ൽ പാർക്ക് റെക്കോർഡ് നേടിയിരുന്നു. എന്നാൽ പാർക്ക് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിൻ്റെ കാരണം വ്യക്തമല്ല. നിരവധി ആളുകളൾ പാർക്ക് അടച്ചുപൂട്ടിയതിൽ നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.