വിവാദം സൃഷ്ടിച്ച ബോളിവുഡ് ചിത്രം ‘ദി കേരള സ്റ്റോറി’യെ പൊളിച്ചടുക്കി യുട്യൂബർ ധ്രുവ് റാഠി. രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ ധ്രുവ് സ്വന്തം യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോയിലൂടെയാണ് ‘ദി കേരള സ്റ്റോറി’യെ കീറി മുറിച്ചത്. സിനിമയിൽ പറയുന്ന ലൗ ജിഹാദ് അടക്കമുള്ള കണക്കുകളിലെ പൊള്ളത്തരം ഉദാഹരണ സഹിതം ധ്രുവ് തുറന്നുകാട്ടി.
‘ദി കേരള സ്റ്റോറി സത്യമോ വ്യാജമോ’ എന്ന തലക്കെട്ടിലാണ് 23 മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ പബ്ലിഷ് ചെയ്തിരിക്കുന്നത്. കേരളത്തിൽ നിന്നും വിദേശത്തേക്ക് പോയ മൂന്ന് പെൺകുട്ടികളുട കേസ് അടക്കം ധ്രുവ് വീഡിയോയിൽ വിശകലനം ചെയ്യുന്നുണ്ട്. കൂടാതെ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി നിയമസഭയിൽ നൽകിയ പ്രസ്താവന മുതൽ എൻഐഎ ലൗ ജിഹാദ് അന്വേഷണം അവസാനിപ്പിച്ചത് വരെയുള്ള കാര്യങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വീഡിയോ അപ്‌ലോഡ് ചെയ്ത് ഒരു ദിവസത്തിനകം 68 ലക്ഷം വ്യൂസ് ആണ് ലഭിച്ചത്. ആറു ലക്ഷത്തോളം പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുമുണ്ട്. കൂടാതെ ഒരു ലക്ഷത്തിലേറെ പേർ വീഡിയോക്ക് താഴെ കമന്‍റുകളുമായി എത്തിയിരിക്കുന്നത്. എന്നാൽ കമന്‍റ് രേഖപ്പെടുത്തുന്നതിന് മുൻപ് വീഡിയോ പൂർണ്ണമായും കാണണമെന്നും അല്ലെങ്കിൽ പ്രശ്നത്തെക്കുറിച്ച് പൂർണ്ണമായ ധാരണ ലഭിക്കില്ലെന്നും ധ്രുവ് പറയുന്നുണ്ട്.