ഡോ.ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജൂനിയർ ഡോക്ടർ റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുനാഗപ്പള്ളിയിലെ വീട്ടിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റിൽ തീരുമാനമാകും.
ഡോ. ഷഹനയുടെ വീട്ടുകാരുടെ മൊഴി അനുസരിച്ചാണ് ചോദ്യം ചെയ്യൽ. ഇതിനിടെ ഡോ. റുവൈസിനെ പിജി അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തു നിന്ന് നീക്കി. മുൻകൂർ ജാമ്യത്തിനുള്ള നീക്കത്തിനിടയിലാണ് റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഷഹനയുടെ മരണത്തിൽ പ്രതിഷേധം ശക്തമായതോടെ പൊലീസിന് മേൽ സമ്മർദം കടുക്കുകയായിരുന്നു.
ഡോക്ടർ ഷഹനയുടെയും റുവൈസിന്റെയും വിവാഹാലോചനയുമായി ബന്ധപ്പെട്ട് ഷഹനയുടെ വീട്ടുകാർ റുവൈസിന്റെ വീട്ടുകാരുമായി സംസാരിച്ചപ്പോൾ 50 പവൻ പോരെന്ന നിലപാടാണ് വീട്ടുകാർ സ്വീകരിച്ചത്. ഇതേത്തുടർന്ന് ഡോക്ടർ ഷഹനയുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി. അതേസമയം തന്നെ ഡോ റുവൈസ് ഡോ ഷഹനയിൽ നിന്ന് അകന്നു എന്നും വീട്ടുകാർ പറയുന്നു. ഇത് ഷഹനയെ മാനസികമായി തളർത്തി. ഒന്നരമാസമായി കടുത്ത ഡിപ്രഷനിൽ ആയിരുന്നു ഷഹന. വിവാഹബന്ധം നടക്കില്ലെന്ന് ഉറപ്പായതോടെ ആകാം ആത്മഹത്യ ചെയ്തതെന്നാണ് ഷഹനയുടെ ഉമ്മയും സഹോദരനും പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
അതേസമയം ഷഹനയുടെ ആത്മഹത്യയിൽ വനിതാ ശിശു വികസന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. സ്ത്രീധനം ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ല. സർക്കാർ ഗൗരവത്തോടെയാണ് വിഷയം കാണുന്നത്. റിപ്പോർട്ട് ലഭിച്ച ശേഷം ശക്തമായ നടപടി എടുക്കുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.