ഡോ. ഷഹ്നയുടെ മരണത്തില്‍ പ്രതി ഡോ. റുവൈസിന് മെഡിക്കല്‍ കോളജില്‍ പഠനം തുടരാം. പിജി പഠനം വിലക്കിയ ആരോഗ്യ സര്‍വകലാശാല ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തു. ഡോ. ഷഹ്നയുടെ മരണത്തിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് റുവൈസ്. കേസില്‍ റുവൈസിന് കോടതി ജാമ്യം നല്‍കിയിരുന്നു.
പഠനം തുടരാനായില്ലെങ്കില്‍ പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാകുമെന്നും ഒരാഴ്ചയ്ക്കകം പുനഃപ്രവേശനം നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു. അനിഷ്ട സംഭവങ്ങള്‍ കോളജ് അധികൃതര്‍ തടയണമെന്നും ഉത്തരവുണ്ട്.
ജൂനിയർ ഡോക്ടർ റുവൈസുമായി ഷഹ്ന പ്രണയത്തിലായിരുന്നു. വിവാഹക്കാര്യം വന്നപ്പോൾ റുവൈസിന്റെ പിതാവ് സ്ത്രീധനം ആവശ്യപ്പെടുകയും റുവൈസ് പിതാവിന്റെ തീരുമാനത്തിനൊപ്പം നിൽക്കുകയും ചെയ്തതോടെ വിവാഹം മുടങ്ങുകയായിരുന്നു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ )