ഖത്തർ ഹോർട്ടികൾചർ എക്സ്പോയ്ക്ക് ദോഹ കോർണിഷിലെ അൽബിദ പാർക്കിൽ തുടക്കമായി. നാളെ മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ‘ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി’ എന്ന പ്രമേയത്തിൽ നടക്കുന്ന എക്സ്പോയിലേക്ക് 30 ലക്ഷം സന്ദർശകരെയാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ 88 രാജ്യങ്ങൾ എക്സ്പോയിലെ പങ്കെടുക്കും. മാർച്ച് 28 വരെയാണ് എക്സ്പോ നടക്കുന്നത്.
ഇന്റർനാഷനൽ, ഫാമിലി, കൾചറൽ എന്നിങ്ങനെ മൂന്ന് സോണുകളാക്കി തിരിച്ചാണ് പ്രദർശനം നടക്കുന്നത്. കൾചറൽ, ഫാമിലി സോണുകളിലേക്ക് ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവേശനം. അതേസമയം വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി 11 വരെയും ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി 11 വരെയുമാണ് പ്രവേശനം അനുവദിക്കുക. ഇന്റർനാഷണൽ സോണിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ രാത്രി എട്ട് വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി എട്ട് വരെയും ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി എട്ട് വരെയും പ്രവേശിക്കാം.