കര്‍ണാടക മുഖ്യമന്ത്രി പദം വേണമെന്ന നിലപാടില്‍ നിന്ന് പിന്മാറാതെ പിസിസി അധ്യക്ഷൻ ഡികെ ശിവകുമാര്‍. കൂടാതെ മുഖ്യമന്ത്രി പദത്തില്‍ വീതം വയ്പ് ഫോര്‍മുല അംഗീകരിക്കില്ലെന്നും ഡികെ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ഡികെ ചർച്ച നടത്തി. സോണിയ ഗാന്ധിയും ഓൺലൈനായി ചർച്ചകളിൽ പങ്കെടുത്തതായാണ് വിവരം.
അതേസമയം വീതംവയ്പാണെങ്കിൽ ആദ്യ ടേം തന്നെ ലഭിക്കണമെന്ന ആവശ്യവും ഡികെ ഉന്നയിച്ചു. അതുകൊണ്ട് തന്നെ സിദ്ധരാമയ്യ ഇന്ന് വൈകുന്നേരം ബെംഗളൂരുവിലേക്കുള്ള യാത്ര റദ്ദാക്കി. അന്തിമ തീരുമാനം വരുന്നതുവരെ നേതാക്കൾ ഡൽഹിയിൽ തന്നെ തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട തീരുമാനം അനിശ്ചിതമായി നീളുന്ന പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞ ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചു. സ്റ്റേജ് അടക്കമുള്ളവയുടെ നിര്‍മാണവും നിര്‍ത്തിവച്ചിട്ടുണ്ട്.
പദവിയുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് കോൺഗ്രസ് വക്താവ് രണ്‍ദീപ്സിങ് സുര്‍ജേവാല വ്യക്തമാക്കി. കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സുര്‍ജേവാല കൂട്ടിച്ചേർത്തു. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് സുര്‍ജെവാല മാധ്യമങ്ങളെ കണ്ട് നിലപാട് വ്യക്തമാക്കിയത്.