കേന്ദ്ര റെയിവേ കേരളത്തിന് അനുവദിച്ച വന്ദേഭാരത് എസ്ക്പ്രസിന് പാലക്കാട് സ്റ്റേഷനിൽ സ്വീകരണം. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ജീവനക്കാരെ ബിജെപി പ്രവർത്തകർ ഉള്‍പ്പടെയുള്ള ആളുകള്‍ സ്വീകരിച്ചത്. ട്രെയിന്‍ വൈകീട്ടോടെ തിരുവനന്തപുരത്തെത്തും. അതേസമയം പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൻ്റെ ഭാഘമായി 25ന് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും. ട്രയൽ റണ്ണായതിനാൽ ആദ്യയാത്രയിൽ യാത്രക്കാർക്ക് പ്രവേശനം നൽകിയില്ല.
ഇന്ത്യയുടെ സ്വന്തം സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേഭാരത്. പരമാവധി 180 കിലോ മീറ്ററാണ് ട്രെയിനിന്‍റെ വേഗത. കേരളത്തിന് ലഭിക്കുന്ന ആദ്യ വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറിക്കഴിഞ്ഞു. തിരുവനന്തപുരത്തെത്തുന്ന വന്ദേഭാരതിന് പതിനാറ് ബോഗികളാണുളളത്. തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടിലേക്കാണ് സർവീസ് പരിഗണിക്കുന്നത്. രാജ്യത്തെ പതിനാലാമത്തെയും ദക്ഷിണ റെയിൽവേയുടെ മൂന്നാമത്തെയും വന്ദേഭാരത് ട്രെയിനാണിത്.
ട്രാക്കുകളുടെ ശേഷി അനുസരിച്ചു പരമാവധി 180 കിലോമീറ്റർ വേഗത്തിൽ വരെ ഈ ട്രെയിനുകൾക്ക് സഞ്ചരിക്കാം.എന്നാൽ നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ പാളങ്ങളിൽ പൂർണ വേഗം കൈവരിക്കാനാകില്ല. പൂർണമായും ശീതീകരിച്ച ട്രെയിനും മുന്നിലും പിറകിലും ഡ്രൈവർ ക്യാബിനുകൾ ഉണ്ട്. വിമാന മാതൃകയിൽ ബയോ വാക്വം ശുചിമുറികളും ആധുനിക സുരക്ഷാ സംവിധാനങ്ങളും പ്രത്യേകതയാണ്.
നിലവിൽ എട്ട് സ്റ്റോപ്പുകളാണ് വിഭാവനം ചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട് എന്നീ സ്റ്റേഷനുകളാണ് പരിഗണനയിലുളളത്. അതേസമയം കേരളത്തിന് വന്ദേഭാരത് അനുവദിച്ചത് സംസ്ഥാന സർക്കാരിനെ ഔദ്യോഗിമായി അറിയിച്ചിട്ടില്ലെന്നാണ് മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചത്. എന്നാൽ കേരളത്തിനുള്ള വിഷുക്കൈനീട്ടമാണ് വന്ദേഭാരത് എന്നായിരുന്നു ബിജെപിയുടെ പ്രതികരണം.