പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ട്രോഫിയുടെ ആഗോള പര്യടനത്തിന്റെ ഭാഗമായി സംഘം ബഹ്‌റൈനിൽ എത്തി. രണ്ട് ദിവസത്തെ പ്രചാരണത്തിനായി രാജ്യത്ത് എത്തിയ ട്രോഫി ടൂറിന് ബഹ്‌റൈനിൽ വൻ സ്വീകരണമാണ് നൽകിയത്. ഒക്ടോബർ, നവംബർ മാസങ്ങളിലായി ഇന്ത്യയിൽ വച്ചാണ് ലോകകപ്പ് നടക്കുന്നത്.
ബഹ്‌റൈനിലെ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് (എസ്‌സിവൈഎസ്) ന്റെ ആഭിമുഖ്യത്തിൽ നടന്ന അതി ഗംഭീരമായ സ്വീകരണ ചടങ്ങിലാണ് ട്രോഫി അനാച്ഛാദനം ചെയ്തു. ചടങ്ങിൽ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് ഫെസ്റ്റ് ഡപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി പ്രസിഡന്റും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി മേധാവിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എന്നിവരും പങ്കെടുത്തു.
ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ (ബിസിഎഫ്) ഉപദേശക സമിതി ചെയർമാൻ മുഹമ്മദ് മൻസൂർ, ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജ, കെഎച്ച്‌കെ സ്‌പോർട്‌സ് സി ഇ ഒ മുഹമ്മദ് ഷാഹിദ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ അംഗങ്ങൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.