സൗദിയിൽ സെപ്റ്റംബർ 28 വരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മക്ക, അസീർ, ജസാൻ, അൽ ബാഹ മുതലായ മേഖലകളിൽ ശക്തമായ മഴയ്ക്കും വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുള്ളതായാണ് വിലയിരുത്തുന്നത്. കൂടാതെ ഈ പ്രദേശങ്ങളിൽ ആലിപ്പഴം പൊഴിയുന്നതിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
നജ്‌റാൻ, മദിന തുടങ്ങിയ മേഖലകളിലും ഈ കാലയളവിൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം വിലയിരുത്തുന്നുണ്ട്. അതിനാൽ രാജ്യത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള മേഖലകൾ, ചതുപ്പ് പ്രദേശങ്ങൾ, താഴ്‌വരകൾ മുതലായ പ്രദേശങ്ങളിലേയ്ക്ക് ജനങ്ങൾ പോകരുതെന്നും ജലാശയങ്ങളിൽ നീന്തുന്നത് ഒഴിവാക്കണമെന്നും പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.