പരീക്ഷ നന്നായി എഴുതിയെങ്കിലും മാർക്ക് കുറഞ്ഞുപോയതിന്റെ കാരണമോർത്ത് ആശങ്കപ്പെടുന്നവരാണ് ഇന്ന് മിക്ക വിദ്യാർത്ഥികളും. അക്കാരണത്താൽ പലരും പുനർ മൂല്യനിർണയത്തിനായി അപേക്ഷകൾ സമർപ്പിക്കാറുമുണ്ട്. ഇനി ലഭിച്ച മാർക്കിനേക്കുറിച്ചോർത്ത് ആശങ്കപ്പെടേണ്ട. യുഎഇയിൽ ഓൺലൈനായി ഉത്തരക്കടലാസുകൾ പരിശോധിക്കാൻ അവസരമൊരുക്കുകയാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ).
10, 12 ക്ലാസുകളിലെ സിബിഎസ്ഇ ബോർഡ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കാണ് ഉത്തരക്കടലാസുകൾ ഓൺലൈനായി അവലോകനം ചെയ്യാനും അവർക്ക് ലഭിച്ച മാർക്ക് പരിശോധിക്കാനുമുള്ള അവസരം ലഭിക്കുക. ഒരു നിശ്ചിത ഫീസ് അടച്ച് ഈ സേവനം വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും. ഫലപ്രഖ്യാപനത്തിൻ്റെ തൊട്ടടുത്ത ദിവസം തന്നെ ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്നും ബോർഡ് അധികൃതർ വ്യക്തമാക്കി.
ലഭിച്ച മാർക്ക് കാണുന്നതിനായി വിദ്യാർത്ഥികൾക്കായി ഒരു ലിങ്ക് ബോർഡിന്റെ വെബ്സൈറ്റിൽ പ്രസീദ്ധീകരിക്കുകയാണ് ചെയ്യുന്നത്. ലിങ്ക് ലഭ്യമാക്കി അഞ്ച് ദിവസത്തേക്ക് ഈ സേവനം ഉപയോഗിക്കാൻ സാധിക്കും. അതേസമയം, മെയ് 20 ന് ശേഷം സിബിഎസ്ഇ ബോർഡ് 10,12 ക്ലാസുകളിലെ പരീക്ഷ ഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രസീദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നു.