കാനഡയിൽ നാടുകടത്തൽ ഭീഷണി നേരിടുന്ന എഴുനൂറോളം ഇന്ത്യൻ വിദ്യാർഥികളിൽ ചിലരുടെ നാടുകടത്തൽ നോട്ടിസ് കനേഡിയൻ അധികാരികൾ സ്റ്റേ ചെയ്തു. വീസ തട്ടിപ്പിന്റെ പേരിലാണ് വിദ്യാർത്ഥികൾ നാടുകടത്തൽ ഭീഷണി നേരിടുന്നത്.
ഏജന്റുമാർ നൽകിയ വ്യാജ പ്രവേശന രേഖ ഉപയോഗിച്ച് വീസ നേടിയവരാണു നടപടി നേരിടുന്നത്. പഞ്ചാബ്, ചണ്ഡിഗഡ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ഏറിയ പങ്കും. 2017–2019 കാലയളവിൽ കാനഡയിൽ എത്തിയവരാണ് പലരും. പഠനശേഷം ചിലർ വർക് പെർമിറ്റ് എടുക്കുകയും ചിലർ കാനഡയിൽ പഠനം തുടരുകയും ചെയ്തിരുന്നു.
വിദ്യാർഥികൾ നിരപരാധികളായതിനാൽ ഇവരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ കാനഡ സർക്കാരിനോട് പല തവണ ആവശ്യപ്പെട്ടിരുന്നു. കാനഡ പാർലമെന്റിലെ ചില അംഗങ്ങളും വിദ്യാർഥികളെ പിന്തുണച്ചിരുന്നു.