യുകെയിൽ ഏഴ് നവജാതശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ആറുകുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ നഴ്സ് ലൂസി ലെറ്റ്ബി (33)യ്ക്ക് ആജീവനാന്ത തടവ്. ലൂസി കുറ്റക്കാരിയെന്ന് മാഞ്ചസ്റ്റർ ക്രൗൺ കോടതി നേരത്തേ കണ്ടെത്തിയിരുന്നു. 2015നും 2016 നും ഇടയിലാണ് കേസിന് ആസ്പദമായ സംഭവം.
അഞ്ച് ആൺകുഞ്ഞുങ്ങളെയും രണ്ടു പെൺകുഞ്ഞുങ്ങളെയുമാണ് ലൂസി ജോലി സമയങ്ങളിൽ കൊലപ്പെടുത്തിയത്. വടക്കൻ ഇഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിലെ നവജാതശിശുക്കളുടെ പരിചരണ ചുമതലയായിരുന്നു സംഭവങ്ങൾ നടക്കുന്ന സമയത്ത് ലൂസിക്ക്. രാത്രി ജോലിക്കിടെ വിഷം കലർത്തിയ ഇൻസുലിൻ കുത്തിവെയ്ക്കുകയും അമിതമായി പാലുകുടിപ്പിക്കുകയും ചെയ്താണ് ലൂസി കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്. ഇന്ത്യൻ ഡോക്ടറായ രവി ജയറാം ആണ് കേസിൽ നിർണായകമായത്.
2015 ജൂണിൽ രോഗങ്ങൾ ഒന്നും ഇല്ലാതെ തന്നെ മൂന്നുകുട്ടികൾ പെട്ടെന്ന് മരിച്ചതാണ് ഡോക്ടറിൽ സംശയമുണ്ടാക്കിയത്. എന്നാൽ ആദ്യം ആശുപത്രി മാനേജ്മെന്റ് ഇദ്ദേഹത്തിന്റെ വാദം തള്ളി. പിന്നീട് കൂടുതൽ കുട്ടികൾ മരിച്ചതോടെ ലൂസിയിലേക്ക് സംശയം നീണ്ടു. കൂടാതെ ആരോഗ്യം മോശമാവുന്ന കുട്ടികൾ ലൂസി പരിചരിക്കുന്നവരാണെന്നും ഡോക്ടർ ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. പിന്നീട് പൊലീസ് കേസ് അന്വേഷിക്കുകയുമായിരുന്നു.