ഇമ്രാൻ ഹാഷ്മിയുടെ ക്രൂക്ക് എന്ന സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം നടത്തിയ താരമാണ് നടി നേഹ ശർമ. മലയാളികൾക്കും നേഹയെ പരിചയമുണ്ട്. ദുൽഖർ സൽമാൻ നായകനായ സോളോ എന്ന ചിത്രത്തിൽ നേഹ അഭിനയിച്ചിട്ടുണ്ട്. കൂടാതെ സാമൂഹിക മാധ്യമങ്ങളിലും താരം സജീവമാണ്. 21 ദശലക്ഷം ഫോളോവേഴ്സാണ് നേഹയ്ക്കുള്ളത്.
സിനിമ രംഗത്തു നിന്ന് നേഹ ഇനി രാഷ്ട്രീയത്തിലേക്കെന്നുള്ള സൂചനകളും വരുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബോളിവുഡ് താരം നേഹ ശർമ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. നേഹയുടെ പിതാവ് രാഷ്ട്രീയക്കാരനാണ്. അദ്ദേഹം തന്നെയാണ് നേഹ രാഷ്ട്രീയത്തിലേക്ക് വന്നേക്കുമെന്ന സൂചനകൾ നൽകുന്നത്.
ബിഹാറിലെ ഭഗൽപുരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ അജയ് ശർമയാണ് നേഹയുടെ പിതാവ്. സഖ്യകക്ഷികളുമായുള്ള ധാരണയ്ക്കൊടുവിൽ ഭഗൽപുർ സീറ്റ് കോൺഗ്രസിന് ലഭിക്കുകയാണെങ്കിൽ മകളെ നാമനിർദേശം ചെയ്യുമെന്നാണ് അജയ് ശർമ്മ അറിയിച്ചിരിക്കുന്നത്.