അവശ്യ വസ്തുക്കൾ ഓൺലൈനായി വാങ്ങുന്നവരാണ് ഇന്ന് മിക്കവരും. പലപ്പോഴും ഓർഡർ ചെയ്ത സാധനത്തിന് പകരം ചെറിയ മാറ്റങ്ങളുള്ള സാധനങ്ങൾ വരാറുണ്ട്. എന്നാൽ ആമസോൺ ഷോപ്പിങ് സൈറ്റിൽ ഗെയിമിങ്ങിനായുള്ള എക്സ് ബോക്സ് കൺട്രോളർ ഓർഡർ ചെയ്ത ദമ്പതികൾക്ക് ലഭിച്ചത് മൂർഖൻ പാമ്പിനെയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്.
ബംഗളൂരുവിലെ സർജപൂർ റോഡിൽ താമസിക്കുന്ന ദമ്പതികൾക്കാണ് ഓർഡർ ചെയ്ത എക്സ് ബോക്സ് കൺട്രോളറിന് പകരം വിഷപ്പാമ്പിനെ ലഭിച്ചത്. ദമ്പതികൾക്ക് ഡെലിവറി പാർട്ണർ നേരിട്ടാണ് ബോക്സ് കൈമാറിയത്. ഇത് തുറന്നതും മൂർഖൻ പാമ്പ് പുറത്തേക്ക് വരികയായിരുന്നു. എന്നാൽ ബോക്സിനെ ചുറ്റി ഒട്ടിച്ചിരുന്ന ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. അതിനാലാണ് വീട്ടിലുള്ളവർ കടിയേൽക്കാതെ രക്ഷപ്പെട്ടത്.
തുടർന്ന് ദമ്പതികൾ ആമസോണിന്റെ കസ്റ്റമർ സപ്പോർട്ടിൽ വിളിച്ചപ്പോൾ അധികൃതർ ഖേദം പ്രകടിപ്പിക്കുകയും പണം തിരികെ നൽകുകയും ചെയ്തു. കൂടുതൽ അന്വേഷണത്തിനായി ഓർഡർ സംബന്ധിച്ച വിശദാംശങ്ങൾ നൽകാനും ദമ്പതികളോട് ആവശ്യപ്പെട്ടു. പിന്നീട് പാമ്പിനെ വിദഗ്ദ സഹായത്തോടെ അവിടെ നിന്നും മാറ്റി. ശേഷം പാഴ്സൽ ഡെലിവറി ചെയ്ത ആൾക്ക് തന്നെ ബോക്സ് കൈമാറുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ദമ്പതികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇത് അധികം വൈകാതെ വൈറലാകുകയും ചെയ്തു.
Horrifying!
A family on Sarjapur Road was shocked to find a live Spectacled Cobra, a venomous snake, in their Amazon package for an Xbox controller.
Luckily, it was stuck to the packaging tape. pic.twitter.com/ZShZtbYEEV
— Sneha Mordani (@snehamordani) June 18, 2024