പഴയ ദോഹ തുറമുഖത്ത് ബീച്ച് വാട്ടർപോളോ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം പതിപ്പ് വ്യാഴാഴ്ച ആരംഭിക്കും. ഖത്തർ നീന്തൽ അസോസിയേഷനാണ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നത്. ഒക്ടോബർ 28 വരെ ചാമ്പ്യൻഷിപ് നീണ്ടുനിൽക്കും.
ദോഹ തുറമുഖത്തെ അൽ ബന്ദറിന്റെ പശ്ചാത്തലത്തിൽ ആയിരിക്കും ചാമ്പ്യൻഷിപ് നടക്കുക. വൈകുന്നേരം നാല് മണി മുതൽ ഏഴ് മണി വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന പൗരന്മാരും താമസക്കാരും കുറഞ്ഞത് അഞ്ച് കളിക്കാരുമായാണ് ചാമ്പ്യൻഷിപ്പിൽ രജിസ്റ്റർ ചെയ്യേണ്ടിയിരുന്നത്. രജിസ്ട്രേഷൻ ഞായറാഴ്ച അവസാനിക്കുകയും ചെയ്തു. ചാമ്പ്യന്മാർക്ക് കിരീടവും ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തുന്നവർക്ക് മെഡലുകളും മറ്റു ഉപഹാരങ്ങളും സമ്മാനിക്കുമെന്നും സംഘാടകർ കൂട്ടിച്ചേർത്തു.
രജിസ്ട്രേഷന് ശേഷം അവസാനഘട്ട പരിശോധനകൾക്കും വിലയിരുത്തലുകളും നടത്തി അന്തിമ മത്സരക്രമം ഒക്ടോബർ 23ന് പുറത്തുവിടുമെന്ന് ഖത്തർ നീന്തൽ അസോസിയേഷൻ അറിയിച്ചു. അതേസമയം പഴയ ദോഹ തുറമുഖത്തെ മിന ഡിസ്ട്രിക്ടിൽ പുരുഷന്മാർക്കായി കഴിഞ്ഞ ദിവസം ഖത്തരി ട്രയാത്ത്ലൺ ടീം അക്വാത്ത്ലൺ നടന്നു. ഭിന്നശേഷിക്കാർ-കമ്യൂണിറ്റി, 11 വയസ്സ് മുതൽ 14 വയസ്സു വരെയുള്ളവർക്കായി യൂത്ത് കാറ്റഗറി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായായിരുന്നു മത്സരം സംഘടിപ്പിച്ചത്.