വിശുദ്ധ റമദാനെ വരവേൽക്കാറുള്ള തയ്യാറെടുപ്പിലാണ് വിശ്വാസ ലോകം. നോമ്പിൻ്റെ പുണ്യം പോലെ പ്രധാനമാണ് ഓരോ ദിവസത്തേയും നോമ്പുതുറയും. പകൽ ഉപവാസവും പ്രാർത്ഥനയുമായി കഴിയുന്ന വിശ്വാസികൾ സൂര്യാസ്തമനത്തോടെയാണ് നോമ്പ് തുറക്കുന്നത്.
പങ്കിടലിൻ്റേയും കരുതലിൻ്റേയും സന്ദേശം കൂടി വ്യക്തമാക്കുന്നതാണ് ഓരോ നോമ്പുതുറയും. ഒപ്പം സാഹോദര്യവും സഹവർത്തിത്വവും വ്യക്തമാക്കുന്നതും. വിശ്വാസികളെപ്പോലെ വിശ്വാസികൾക്ക് ചുറ്റുമുളള സമൂഹത്തിനും നോമ്പുതുറ പുതുഅനുഭവങ്ങൾ സമ്മാനിക്കുന്നതാണ്.
വിശ്വാസലോകം റമദാൻ വ്രതത്തിലേക്ക് കടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ദുബായിലെ പ്രമുഖ ഡിജിറ്റൽ മീഡിയയായ ഏഷ്യാലൈവ് സംഘടിപ്പിച്ചിട്ടുളള ഇഫ്താർ ഫീസ്റ്റ് ആഘോഷരാവ് ശനിയാഴ്ച വൈകിട്ട് നടക്കും. ഷാർജ അൽനാദയിലുളള നെസ്റ്റോ മിയ മാളിലാണ് പരിപാടി.
പാചക വിഭവ മത്സരത്തിന് പുറമെ സംഗീത വിരുന്നും ഗെയിംഷോകളും സംഘടിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവർക്ക് സർപ്രൈസ് പ്രൈസുകൾക്കൊപ്പം ക്യാഷ് പ്രൈസുകളും ഗോൾഡ് കോയിനുകളും സമ്മാനമായി നേടാം.വിജയികൾക്ക് ഗിഫ്റ്റ് വൌച്ചറുകളുമുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്ത മത്സരാത്ഥികളാണ് പാചക വിഭവ മത്സരത്തിൽ പങ്കെടുക്കുന്നത്. പൊതു ജനങ്ങൾക്കും മിയ മാളിലെത്തുന്ന സന്ദർശകർക്കും പരിപാടികളുടെ ഭാഗമാകാം. ശനിയാഴ്ച വൈകിട്ട് ആറ് മണി മുതലാണ് ഇഫ്താർ ഫീസ്റ്റ് ആഘോഷരാവ് ആരംഭിക്കുക.