പലരുടെയും മൊബൈൽ ഫോൺ വെള്ളത്തിൽ വീണിട്ടുണ്ടാകും അല്ലേ! ചില ഫോണുകൾ വെള്ളത്തിൽ വീണാൽ പിന്നെ ഉപയോഗിക്കാനേ കൊള്ളില്ല. ചിലരുണ്ട് ഫോൺ ഒന്ന് വെള്ളത്തിൽ വീണാലോ നനവുണ്ടെങ്കിലോ നേരെ അരിക്കലത്തിൽ ഇടും. ഈർപ്പം പെട്ടെന്ന് വലിച്ചെടുക്കുമെന്ന് കരുതിയാണ് ഇത്തരം ട്രിക്കുകൾ പലരും കാണിക്കുന്നത്. എന്നാൽ ഇനി ഇത്തരം പരിപാടികൾ കാണിക്കേണ്ടെന്നാണ് ആപ്പിൾ തങ്ങളുടെ ഉപയോക്താക്കളോട് പറയുന്നത്. മാത്രമല്ല അരിയിലേക്ക് ഫോൺ ഇട്ടാൽ ഫോണിന് പല പ്രശ്നങ്ങളും നേരിട്ടേക്കുമെന്നും കമ്പനി പറയുന്നു.
ഫോൺ അരിപ്പാത്രത്തിൽ ഇടുമ്പോൾ ചെറുതരികൾ ഉള്ളിൽക്കടന്ന് ഐഫോണിന് കേടുവരുത്തിയേക്കാം. കൂടാതെ ഫോൺ ഉണക്കാൻ ഹെയർ ഡ്രയറുകൾ, കംപ്രസ്ഡ് എയർ ബ്ലോവറുകൾ പോലുള്ളവ ഉപയോഗിക്കരുത് എന്നും ആപ്പിൾ നിർദേശത്തിൽ പറയുന്നുണ്ട്. ഫോൺ നനഞ്ഞിരിക്കുമ്പോൾ ചാർജ് ചെയ്യരുത്. ഐഫോൺ നനഞ്ഞാൽ അതിലെ പവർ അഡാപ്ടറിൽ നിന്നും കേബിൾ വേർപെടുത്താൻ ശ്രദ്ധിക്കണം. കണക്ടർ താഴേക്ക് വരും വിധം ഫോൺ പിടിച്ച് കയ്യിൽ പതിയേ തട്ടിയാൽ ബാക്കിയുള്ള വെള്ളം പുറത്തുവരും. വായു സഞ്ചാരമുള്ള ഇടത്ത് ഫോൺ ഉണങ്ങാൻ വെച്ച് 30 മിനിറ്റിന് ശേഷം ചാർജ് ചെയ്യാൻ ശ്രമിക്കാവുന്നതാണ്. ലിക്വിഡ് ഡിറ്റക്ഷൻ മുന്നറിയിപ്പ് അപ്പോഴും കാണുന്നുവെങ്കിൽ വെള്ളം മുഴുവനായി പോയിട്ടില്ലെന്നാണ് അർത്ഥം. മുഴുവനായി വെള്ളം ഉണങ്ങാൻ 24 മണിക്കൂറെങ്കിലും വേണ്ടിവന്നേക്കാം. കണക്ടറിലേക്ക് പേപ്പർ ടവലോ കോട്ടൺ ബഡോ തിരുകി കയറ്റരുത്. നനവുള്ളപ്പോൾ കേബിൾ കണക്ട് ചെയ്താൽ ഫോണിൽ മുന്നറിയിപ്പ് കാണിക്കും. ഇത്തരം സാഹചര്യങ്ങളിൽ കേബിൾ വേർപെടുത്താനും ഉണങ്ങുന്നത് വരെ കാത്തിരിക്കാനുമാണ് കമ്പനി പറയുന്നത്.
ഫോൺ ഉണങ്ങിയിട്ടും ചാർജ് ആവുന്നില്ലെങ്കിൽ, ചാർജർ അഡാപ്ടറിലേയും കേബിളിലേയും നനവ് പോയിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തണം. ചാർജർ കേബിളും അഡാപ്ടറും ഫോണും ഉണങ്ങിയിട്ടും ചാർജ് ആവുന്നില്ലെങ്കിൽ ആപ്പിൾ സപ്പോർട്ടിനെ ബന്ധപ്പെടുകയെന്നും കമ്പനി നിർദ്ദേശത്തിൽ പറയുന്നു..