ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരേ ഭരണകൂടവേട്ടയാടൽ നടക്കുന്നെന്ന വിമർശനവുമായി അമേരിക്ക. മുസ്‌ലിം ന്യൂനപക്ഷത്തെ ഭരണകൂടം വേട്ടയാടുന്നതായി യു.എസ് വിദേശകാര്യ വകുപ്പിൻ്റെ റിപ്പോർട്ടാണ് പരാമർശമുളളത്. മുസ്‌ലിം വിശ്വാസികളുടെ വീടുകളും സ്ഥാപനങ്ങളും തകർത്തതയായും നിയമപാലകർ മത ന്യൂനപക്ഷത്തിനെതിരെ ആക്രമണം നടത്തുന്നുവെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന മതസ്പർധയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇന്ത്യയ്ക്കെതിരായ വിമർശനം. മുസ്ലീങ്ങൾക്കൊപ്പം ക്രൈസ്തവരും നിരന്തരം ആക്രമണത്തിന് ഇരയാവുന്നതായി റിപ്പോർട്ടിലുണ്ട്. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും റിപ്പോർട്ടിൽ പറയുന്നു.
സമീപകാലത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്ന വിവിധ അക്രമങ്ങൾ ഉദ്ധരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുളളത്. ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളെ അപലപിക്കാൻ കേന്ദ്രം തയാറാവണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ഒരു വർഷത്തിനിടയിലെ സംഭവങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയ്ക്ക് പിന്നാലെ റഷ്യയുൾപ്പെടെയുള്ള രാജ്യങ്ങളെയും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്. അതേസമയം യുഎസ് വിദേസകാര്യ മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ടിനെതിരെ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി അമേരിക്കൻ സന്ദർശനത്തിന് തയ്യാറെടുക്കുമ്പോഴാണ് റിപ്പോർട്ട് പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്.