മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ അട്ടിമറിയിലൂടെ എൻസിപി പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും ഷിൻഡെ സർക്കാരിൽ. എൻസിപിയെ പിളർത്തി അജിത് പവാർ ഏക്നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. എൻസിപിയുടെ ഒമ്പത് എംഎൽഎമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
അജിത് പവാറിനൊപ്പം എൻസിപി നേതാക്കളായ ധർമറാവു അത്രം, സുനിൽ വൽസാദെ, അതിഥി താക്കറെ, ഹസൻ മുഷ്റിഫ്, ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, അനിൽ പാട്ടീൽ, ദിലീപ് വൽസെ പതി എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ശരദ് പവാറിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന നേതാവാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഛഗൻ ഭുജ്ബൽ. അജിത് പവാറിന് നാൽപതിലധികം എൻസിപി എംഎൽഎമാരുടെ പിന്തുണയുള്ളതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടേയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും രാജ്ഭവനിലെത്തിയിരുന്നു. ഇരുവരുടെയും സാന്നിധ്യത്തിലാണ് രാജ് ഭവനിൽ സത്യപ്രതിജ്ഞ നടന്നത്. മുതിർന്ന നേതാവ് പ്രഫുൽ പട്ടേലും അജിത് പവാറിനൊപ്പമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ, പ്രതിപക്ഷ ഐക്യരൂപീകരണത്തിനിടെ എൻസിപിയുടെ മുതിർന്ന നേതാക്കളെ ഒന്നടങ്കം അടർത്തി എടുക്കാനായെന്നത് ബിജെപിക്ക് രാഷ്ട്രീയ നേട്ടമാണ്. അജിത് പവാറിന്റെ നീക്കത്തിൽ ശരദ് പവാർ ഞെട്ടൽ രേഖപ്പെടുത്തി. നിലവിൽ പുണെയിലുള്ള അദ്ദേഹം മുംബൈയിലേക്കു തിരിച്ചു. അതേസമയം, എൻസിപി തലവൻ ശരദ് പവാറിന്റെ ആശീർവാദത്തോടെയാണ് അജിത് പവാറിന്റെ നീക്കമെന്നും സൂചനയുണ്ട്. തീർത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തിലൂടെയാണ് തന്നെ പിന്തുണയ്ക്കുന്ന 29 എംഎൽഎമാർക്കൊപ്പം അജിത് പവാർ രാജ്ഭവനിലെത്തിയത്. എൻസിപിക്ക് മഹാരാഷ്ട്ര നിയമസഭയിൽ ആകെ 53 അംഗങ്ങളാണുള്ളത്. അവരിൽ 30 പേരും സർക്കാരിനു പിന്തുണ പ്രഖ്യാപിച്ച് കൂറുമാറി.